Sorry, you need to enable JavaScript to visit this website.

ഖാര്‍ത്തൂമില്‍ സംഘര്‍ഷം ശമിച്ചില്ല, പുറത്തിറങ്ങരുതെന്ന് ഇന്ത്യക്കാരോട് എംബസി

ഖാര്‍ത്തൂം- സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വലിയ തോതില്‍ അക്രമങ്ങള്‍ തുടരുന്നതിനാല്‍ താമസസ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന്  ഇന്ത്യക്കാര്‍ക്ക് എംബസി വീണ്ടും നിര്‍ദേശം നല്‍കി. സംഘര്‍ഷത്തിനിടെ വെടിയേറ്റ മലയാളി ഖര്‍ത്തൂമില്‍ മരിച്ചിരുന്നു. രണ്ടാം ദിവസവും പോരാട്ടം അവസാനിച്ചിട്ടില്ലെന്നും എല്ലാ ഇന്ത്യക്കാരും  അവര്‍ നിലവിലുള്ള സ്ഥലത്തുതന്നെ തുടരണമെന്നും പുറത്തുപോകരുതെന്നും അഭ്യര്‍ത്ഥിക്കുന്നതായി സുഡാനിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.
ഖാര്‍ത്തൂമില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് ഇന്ത്യന്‍ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഖാര്‍ത്തൂമിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും  ആ രാജ്യത്തെ സംഭവവികാസങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണെന്നും ഇന്ത്യന്‍ പൗരന്റെ മരണത്തില്‍ എംബസി അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്  വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഞായറാഴ്ച പറഞ്ഞിരുന്നു.
അര്‍ദ്ധസൈനിക വിഭാഗവും സുഡാനിലെ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഖാര്‍ത്തൂമിലെ വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങളും ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം പതിറ്റാണ്ടുകള്‍ക്ക് മുമ്പ്  സ്ഥിരതാമസമാക്കിയ 1200 പേര്‍ ഉള്‍പ്പെടെ സുഡാനില്‍ 4,000 ഇന്ത്യക്കാരുണ്ട്.
2021 ഒക്ടോബറില്‍ അട്ടിമറിയിലൂടെ സുഡാന്‍ സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം പരമാധികാര സമിതിയിലൂടെയാണ് രാജ്യം ഭരിക്കുന്നത്.
സിവിലിയന്‍ സര്‍ക്കാരിന് അധികാരം കൈമാറുന്നതിനുള്ള നിര്‍ദ്ദിഷ്ട സമയക്രമത്തെച്ചൊല്ലി സൈന്യവും അര്‍ധസേനാ വിഭാഗവും തമ്മില്‍ തര്‍ക്കമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News