ഖാർത്തും - സുഡാനിലെ സൈനിക അട്ടിമറി ശ്രമത്തിനിടെയുണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ മലയാളിയും. തലസ്ഥാനമായ ഖാർത്തുമിലുണ്ടായ വെടിവെപ്പിൽ കണ്ണൂർ ആലക്കോട് സ്വദേശിയായ വിമുക്ത ഭടൻ ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ഇവിടെ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
സൈന്യവും അർധ സൈന്യവുമായി നടക്കുന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ 25 പേർ മരിക്കുകയും 183 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
സംഘർഷത്തിനിടെ മലയാളിക്കുനേരെയും അക്രമി വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുന്നതിനാൽ ജാഗ്രത പാലിക്കാൻ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി നിർദേശം നല്കി. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് വടക്കൻ സുഡാനിലെ മോറോവെ, അൽ ഉബൈദ് നഗരങ്ങളിലെ വിമാനത്താവളം പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.