ന്യൂദല്‍ഹി - മദ്യനയ കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സി ബി ഐ ചോദ്യം ചെയ്യും. വന്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദല്‍ഹിയില്‍ ഉടനീളം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം സംഘടിപ്പിക്കാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് സി ബി ഐ ഓഫീസില്‍ ഹാജരാകാനാണ് അരവിന്ദ് കെജ്രിവാളിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. സി ബി ഐയ്ക്ക് മുന്നില്‍ ഹാജരാകുമെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. നാളെ ദല്‍ഹി സര്‍ക്കാര്‍ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടിയിട്ടുണ്ട്. ' ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ 'ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ ഇത് നിയമലംഘനമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.