ന്യൂദല്‍ഹി- വൈദ്യുതി സബ്‌സിഡി വിവാദത്തിന്റെയും മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ സമന്‍സ് അയച്ചതിന്റെയും പശ്ചാത്തലത്തില്‍ ദല്‍ഹി സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സമ്മേളനം ചേരുമെന്നും പരിഗണനാ വിഷയങ്ങളില്‍ തീരുമാനമാകുന്നത് വരെ സഭ നീട്ടിയേക്കാമെന്നും നിയമസഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
വൈദ്യുതി സബ്‌സിഡിയെച്ചൊല്ലി ദല്‍ല്‍ഹി സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ തര്‍ക്കം തുടരുകയാണ്. സബ്‌സിഡി നീട്ടുന്നതിനുള്ള ഫയല്‍ നേരത്തേ അംഗീകരിച്ചിരുന്നെന്നും വൈദ്യുതി മന്ത്രി അതിഷി കാരണമാണ് കാലതാമസം വരുന്നതെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
വൈദ്യുതി സബ്‌സിഡിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പുറമെ, മദ്യനയ കേസില്‍ സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും പ്രത്യേക സമ്മേളനത്തിനു വിഷയമായി. ഞായറാഴ്ച സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് കെജ്രിവാളിനോട് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യം ചെയ്യാന്‍ സമന്‍സ് അയച്ചതിനു പിന്നലെ കെജ്രിവാള്‍ സിബിഐയെയും ഇ.ഡിയേയും രൂക്ഷമായി വിമര്‍ശിച്ചു. മദ്യനയത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും മനീഷ് സിസോദിയക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയും സിബിഐയും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സിസോദിയയെ പ്രതിയാക്കാന്‍ സത്യവാങ്മൂലം നല്‍കിയത്. തറ്റായ തെളിവുകള്‍ ഹാജരാക്കിയതിന് രണ്ട് ഏജന്‍സികള്‍ക്കുരമെതിരെ കേസ് ഫയല്‍ ചെയ്യും. രണ്ട് കേന്ദ്ര ഏജന്‍സികളും ഓരോ ദിവസവും ആരെയെങ്കിലുമൊക്കെ പിടികൂടുകയും ഭീഷണിപ്പെടുത്തുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്യുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)