ന്യൂദല്‍ഹി-കന്നഡ നടനും ആക്ടിവിസ്റ്റുമായ ചേതന്‍ കുമാര്‍ എന്ന ചേതന്‍ അഹിംസയുടെ ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. 15 ദിവസത്തിനകം കാര്‍ഡ് തിരികെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍നിന്ന് (എഫ്.ആര്‍.ആര്‍.ഒ) നടന് കത്ത് ലഭിച്ചു.
യു.എസ് പൗരനായ നടന് 2018 ലാണ് ഒ.സി.ഐ കാര്‍ഡ് ലഭിച്ചത്. നുണകളിലാണ് ഹിന്ദുത്വം കെട്ടിപ്പടുത്തിരിക്കുന്നതെന്ന ട്വീറ്റിന്റെ പേരില്‍ കഴിഞ്ഞ മാസം 21ന് ബെംഗളൂരു പോലീസ് ചേതന്‍ അഹിംസയെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെയും ഹിന്ദുത്വ, ബ്രാഹ്മണ പ്രത്യയ ശാസ്ത്രങ്ങളെ ചോദ്യം ചെയത് വിവാദം സൃഷ്ടിച്ച ആക്ടിവിസ്റ്റാണ് ഇദ്ദേഹം. ഒ.സി.ഐ കാര്‍ഡ് എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് ആരാഞ്ഞ് കഴിഞ്ഞ വര്‍ഷം ജൂണില്‍ എഫ്.ആര്‍.ആര്‍.ഒ നോട്ടീസ് അയച്ചിരന്നു.
കന്നഡ ചലച്ചിത്രമേഖലയില്‍ നടനായ താന്‍ വര്‍ഷങ്ങളായി ഇന്ത്യയിലാണ് താമസമെന്നും ഇന്ത്യക്കാരിയാണ് ഭാര്യയെന്നുമാണ് മറുപടി നല്‍കിയിരുന്നത്. നടന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒ.സി.ഐ കാര്‍ഡ് റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഹിന്ദുത്വ നുണകളെ കുറിച്ച് സംസാരിക്കുന്ന തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്ന് ചേതന്‍ ഹിംസ പ്രതികരിച്ചു. ആക്ടിവിസ്റ്റുകളെ നിശബ്ദരാക്കി രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സംസ്ഥാന തലങ്ങളിലുള്ള ലോബിയുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ താമസിച്ച് ഉപാധികളോടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് ഒ.സി.ഐ കാര്‍ഡ്. സര്‍ക്കാര്‍ ജോലി ചെയ്യാനോ മുന്‍കൂര്‍ അനുമതിയില്ലാതെ പര്‍വതാരോഹണം, ജേണലിസം, മിഷനറി പ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാനോ പാടില്ല. ഇരട്ട പൗരത്വവും ഒ.സി.ഐയും രണ്ടാണ്. ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയില്‍ വോട്ട് ചെയ്യാനും അവകാശമില്ല. ഇന്ത്യയില്‍ പ്രവേശിക്കാന്‍ ഒ.സി.ഐ കാര്‍ഡുള്ളവര്‍ക്ക് വിസ ആവശ്യമില്ല. എന്നാല്‍ കാര്‍ഡ് റദ്ദാക്കിയാല്‍ ഇന്ത്യ വിടേണ്ടിവരും. പിന്നീട് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് നിരോധനം പ്രാബല്യത്തില്‍വരികയും ചെയ്യും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)