ഗുവാഹത്തി- അസമിലെ ടിന്‍സുകിയ ജില്ലയില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു എടിഎമ്മിനുള്ളില്‍ കയറിയ എലി 12 ലക്ഷത്തിലേറെ രൂപയുടെ കറന്‍സികള്‍ കരണ്ടു നശിപ്പിച്ചു. അഞ്ഞൂറിന്റേയം രണ്ടായിരത്തിന്റേയും പുത്തന്‍ നോട്ടുകളാണ് എലികള്‍ പൂര്‍ണമായും നശിപ്പിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് മേയ് 20 മുതല്‍ പൂട്ടിയിട്ടതായിരുന്നു ഈ എടിഎം. ഇതു അറ്റകുറ്റപ്പണി നടത്താന്‍ ഒരാഴ്ച മുമ്പ് ജീവനക്കാര്‍ എത്തി തുറന്നപ്പോഴാണ് നോട്ടുകള്‍ നുറുക്കിക്കൂട്ടി കുന്നായി കിടക്കുന്നത് കണ്ടത്. നോട്ടുകള്‍ വയ്ക്കുന്ന എല്ലാ തട്ടുകളിലെ നോട്ടുകളും എലി കാര്‍ന്നിട്ടുണ്ട്. 29 ലക്ഷം രൂപയുടെ നോട്ടുകളാണ് മെഷീനില്‍ ഉണ്ടായിരുന്നത്. 17 ലക്ഷം രൂപയുടെ നോട്ടുകള്‍ കേടുപാടില്ലാതെ ലഭിച്ചെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
എടിഎം മെഷീനനുള്ളില്‍ എലികാര്‍ന്ന നോട്ടുകളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വാട്‌സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നും ആരോപണമുണ്ട്. ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതിപ്പെട്ടിരിക്കുകയാണ്. തകരാര്‍ മൂലം മേയ് 20-ന് പൂട്ടിയിട്ട മെഷീന്‍ നന്നാക്കാന്‍ ജൂണ്‍ 11 വരെ ആളെത്തിയില്ലെന്ന വാദം സംശയത്തിനിടയാക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ ഏജന്‍സി മേയ് 19-നാണ് എടിഎമ്മില്‍ പണം നിറച്ചത്. തൊട്ടടുത്ത ദിവസം തന്നെ മെഷീന്‍ കേടായി എന്നാണ് അധികൃതര്‍ പറയുന്നത്. മെഷീന്‍ നന്നാക്കാന്‍ ചുമതലയുള്ള സ്വകാര്യ ഏജന്‍സി അധികൃതര്‍ പിന്നീട് തിരിഞ്ഞു നോക്കാന്‍ ദിവസങ്ങളെടുത്തതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്.