അഹ്മദാബാദ്- ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറുടെ 132 ാമത് ജന്മവാര്‍ഷികമായ വെള്ളിയാഴ്ച നൂറുകണക്കിന് ദളിതുകളും ആദിവാസികളും ബുദ്ധമതം സ്വീകരിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു. സ്വയം സൈനിക് ദള്‍ (എസ്.എസ്.ഡി) എന്ന സംഘടന ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലാണ് മെഗാ റാലിയും മതംമാറ്റ ചടങ്ങും ഒരുക്കിയത്.
അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഗാന്ധിനഗര്‍ ജില്ലയിലെ അദാലജ് പട്ടണത്തില്‍ ഒരുമിച്ച് കൂടിയവര്‍ സംസ്ഥാന തലസ്ഥാനത്തെ സെക്ടര്‍ 11 ഗ്രൗണ്ടിലേക്ക് ജാഥയായി നീങ്ങി.
പട്ടിക ജാതി, വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന നൂറുകണക്കിനാളുകള്‍ ഹിന്ദുമതം ഉപേക്ഷിച്ച് ധര്‍മദീക്ഷ സ്വീകരിച്ച് ബുദ്ധമതത്തില്‍ ചേര്‍ന്നുവെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്. ബുദ്ധ സന്യാസി ഭന്ദെ പ്രഗ്യാര്‍ഥ അധ്യക്ഷത വഹിച്ചു. എന്നല്‍ വേദിയില്‍വെച്ച് എത്ര പേര്‍ ബുദ്ധമതം ആശ്ലേഷിച്ചുവെന്ന കണക്ക് സംഘാടകര്‍ നല്‍കിയില്ല.
1954 ഒക്ടോബര്‍ 14ന് ആയിരക്കണക്കിന് അനുയായികളോടൊപ്പം അംബേദ്കര്‍ ബുദ്ധ മതത്തില്‍ ചേര്‍ന്നത് നാഗ്പൂരില്‍ വെച്ചായിരുന്നു. 66 വര്‍ഷം മുമ്പ് ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചപ്പോള്‍ എടുത്ത 22 പ്രതിജ്ഞാ വാചകങ്ങളാണ് വെള്ളിയാഴ്ച മതം മാറിയവരും ചൊല്ലിയതെന്ന് സംഘാടകര്‍ പറഞ്ഞു.
മതപരിവര്‍ത്തനം നിയമാനുസൃതമാക്കാന്‍ ധാരാളം പേര്‍ അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ നില്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ളവരും അതുപോലെ ചെയ്യുമെന്നും എസ്.എസ്.ഡിയുടെ മീഡിയ കണ്‍വീനര്‍ അശ്വിന്‍ പാര്‍മര്‍ പറഞ്ഞു.
ജാതി വിവേചനമാണ് ഹിന്ദുമതം ഉപേക്ഷിക്കാന്‍ ദളിതുകളേയും ആദിവാസികളേയും പ്രേരിപ്പിക്കുന്നതെന്ന് റാലിയിലെ പ്രസംഗകര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)