പ്രീമിയം സേവന ഉപയോക്താക്കൾക്കായി ഗൂഗിൾ ഉടമസ്ഥതയിലുള്ള യുട്യൂബ് പുതിയ ഫീച്ചറുകൾ പുറത്തിറക്കി. ഐ.ഒ.എസ്, വെബ് ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള വീഡിയോ, ആപ്പിൾ ഷെയർപ്ലേ വഴി ഫേസ്‌ടൈമിൽ വീഡിയോകൾ ഒരുമിച്ച് കാണുന്നതിനുള്ള സൗകര്യം, മൊബൈൽ ഉപകരണങ്ങളിൽ ക്യൂ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പുതിയ ഫിച്ചറുകളാണ് റിലീസ് ചെയ്തത്. പ്രീമിയം അംഗങ്ങൾക്ക് വരും ആഴ്ചകളിൽ ഇതിലും ഉയർന്ന നിലവാരമുള്ള വീഡിയോകൾ ലഭ്യമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 1080പി എച്ച്.ഡി വീഡിയോ നിലവാരമുള്ള പതിപ്പാണ് ഐ.ഒ.സിൽ ഉൾപ്പെടുത്തുന്നത്. പരീക്ഷണത്തിനായി വെബിലും ഇത് ഉടൻ ലഭ്യമാക്കും.
എല്ലാ ഉപയോക്താക്കൾക്കും 1080പിയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെങ്കിലും മെച്ചപ്പെടുത്തിയ 1080പി പതിപ്പ് പ്രീമിയം ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഒരു വീഡിയോയിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്കായി അവരുടെ ക്യൂവിൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന ഫീച്ചറും അവതരിപ്പിച്ചതായി യുട്യൂബ് ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. പ്രീമിയം അംഗങ്ങൾക്കായി ഫോണുകളിലും ടാബ്‌ലറ്റുകളിലും ക്യൂ വിപുലീകരിക്കയാണെന്നും കാണുന്ന കാര്യങ്ങളിൽ ഉപയോക്താക്കൾക്ക് പൂർണ നിയന്ത്രണം നൽകുമെന്നും കമ്പനി വിശദീകരിച്ചു.
യൂട്യൂബ് വീഡിയോകൾ കാണുമ്പോൾ ഷെയർ ചെയ്യാനുള്ള സൗകര്യവും കമ്പനി എളുപ്പമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ മീറ്റ് ലൈവ് ഷെയറിംഗിലൂടെ പ്രീമിയം അംഗങ്ങൾക്ക് ഗൂഗിൾ മീറ്റ് സെഷനുകളിലേക്ക് ക്ഷണിക്കാം. പ്രീമിയം, സൗജന്യ ഉപയോക്താക്കൾ എന്ന വ്യത്യാസമില്ലാതെ എല്ലാ ക്ഷണിതാക്കൾക്കും വീഡിയോകൾ ഒരുമിച്ച് കാണാൻ കഴിയും. വരും ആഴ്ചകളിൽ, ഐ.ഒ.എസിലെ ഫേസ് ടൈം ഉപയോക്താക്കൾക്കും ഷെയർപ്ലേ വഴി കമ്പനി ഈ സൗകര്യം ലഭ്യമാക്കും.
ഏതു ഉപകരണത്തിൽ പോയും വീഡിയോകളുടെ തുടർച്ച കാണാൻ നൽകുന്ന സൗകര്യമാണ് പ്രീമിയം ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്ന അടുത്ത ഫീച്ചർ. പ്രീമിയം അംഗങ്ങൾക്ക് അവർ ഉപകരണങ്ങൾ മാറുമ്പോഴും മുമ്പ് നിർത്തിയ ഇടത്തുനിന്ന് വീഡിയോകൾ കാണുന്നത് തുടരാം. ആൻഡ്രോയിഡ്, ഐഒഎസ്, വെബ് എന്നിവയിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്.
ഉപയോക്താക്കൾ ഓഫ്‌ലൈനിലായിരിക്കുമ്പോഴും യുട്യൂബ് തുടരാമെന്നതാണ് ആകർഷകമായ മറ്റൊരു സൗകര്യം. വൈഫൈ വഴി കണക്ട് ചെയ്തിരിക്കുമ്പോൾ ശുപാർശ ചെയ്യുന്ന വീഡിയോകൾ സ്മാർട്ട് ഡൗൺലോഡ് വഴി ലൈബ്രറിയിലേക്ക് ചേർത്താണ് ഈ സൗകര്യം. എവിടെ വെച്ചും എപ്പോഴും ഇഷ്ട വീഡിയോകൾ കാണാനും പുതിയ ഉള്ളടക്കം കണ്ടെത്താനും ഉപയോക്താക്കളെ സഹായിക്കുന്നു.