നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടിയുമായി ബന്ധപ്പെടുത്തി അവിശ്വസനീയമായ നിരവധി കഥകളാണ് പ്രചരിക്കുന്നത്. സ്തനാർബുദം ബാധിച്ച യുവതിയെന്ന നിലയിൽ താൻ ഇന്റർവ്യൂ നടത്തിയത് യഥാർഥത്തിൽ ആർടിഫിഷ്യൽ ഇന്റലിജൻസിനെ ആയിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇൻസൈഡർ വെബ്‌സൈറ്റിലെ മാധ്യമ പ്രവർത്തക ജൂലിയ പുഗചെവിസ്‌കി.
കാൻസർ ബാധിച്ചതിനു ശേഷമുള്ള തന്റെ അവസ്ഥ വാർത്തയാക്കണമെന്ന് ആവശ്യപ്പെട്ട് ഇ മെയിൽ വഴി ബന്ധപ്പെട്ട വനിത നിർമിത ബുദ്ധിയാണന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് വളരെ വൈകി ആയിരുന്നു. പരിചയപ്പെടുത്തിക്കൊണ്ടുള്ള പല ഇമെയിലുകൾക്ക് ശേഷമാണ് യുവതിയെന്ന പേരിൽ അയച്ച ടെക്സ്റ്റുകളും ഫോട്ടോകളുമൊക്കെ ആർടിഫിഷ്യൽ ഇന്റലിജൻസ് നിർമിച്ചതാണെന്ന് മനസ്സിലായത്. അവസാനം ജൂലിയക്ക് കൃത്രിമം ബോധ്യപ്പെട്ടെങ്കിലും വരുംകാലത്ത് ധാരാളം മാധ്യമ പ്രവർത്തകരെ ആർടിഫിഷ്യൽ ഇന്റലജിൻസ് വിഡ്ഢികളാക്കുമെന്ന് ഈ സംഭവം മുൻനിർത്തി വിദഗ്ധർ പറയുന്നു.
കണ്ണാടിയിൽ നോക്കാൻ കഴിയുന്നില്ലെന്നും നഷ്ടപ്പെട്ടതിനെ ഓർത്തുള്ള സങ്കടത്തിലാണെന്നും പറഞ്ഞാണ് ആദ്യ ഇ മെയിൽ ലഭിച്ചത്. 30 വയസ്സായ കിംബർലി ഷാ എന്നാണ് പരിചയപ്പെടുത്തിയത്. മാധ്യമ പ്രവർത്തകർ വാർത്ത സ്രോതസ്സുകൾ കണ്ടെത്താൻ ആശ്രയിക്കുന്ന ഹെൽപ് എ റിപ്പോർട്ടർ ഔട്ട് സേവനം വഴിയാണ് യുവതി മാധ്യമ പ്രവർത്തകയെ ബന്ധപ്പെട്ടത്. തൊലിയിലെ പാടുകളെ ടാറ്റു കൊണ്ട് മറയ്ക്കുന്നവരുടെ കഥകൾ കണ്ടെത്താൻ ഈ സൈറ്റ് ഇൻസൈഡർ ജേണലിസ്റ്റ് ജൂലിയ പതിവായി ഉപയോഗിച്ചിരുന്നു.
മൂന്നോ നാലോ ഇ മെയിലുകൾക്കു ശേഷം മറുഭാഗത്തുള്ള യുവതി വ്യാജമാണോ എന്നു സംശയം തോന്നുകയായിരുന്നു. പിന്നീട് സുഹൃത്തുമായി നടത്തിയ പരിശോധനയിലാണ് മറുഭാഗത്തുള്ളത് യഥാർഥ യുവതിയല്ലെന്ന് സ്ഥിരീകരിച്ചത്. കിംബർലി ഷാ അയച്ച ഇ മെയിലുകളെല്ലാം മെഷീൻ നിർമിച്ചതായിരുന്നു. ഫോട്ടോകളും നിർമിത ബുദ്ധി തയാറാക്കിയത്.
സാധാരണഗതിയിൽ മാധ്യമ പ്രവർത്തകർ സ്വീകരിക്കാറുള്ള എല്ലാ ജാഗ്രതയും പ്രോട്ടോകോളും പാലിച്ചുകൊണ്ടു തന്നെയാണ് ഇടപെട്ടിരുന്നതെന്ന് ജൂലിയ പറയുന്നു. ലഭ്യമായ വിവരങ്ങൾ ഒരു വാർത്തക്ക് അനുയോജ്യമാണെന്ന് തോന്നിയാൽ മാത്രമാണ് ഫോൺ അഭിമുഖത്തിലേക്ക് നീങ്ങാറുള്ളത്.
എത്ര വയസ്സായി, എപ്പോഴാണ് കാൻസർ ബാധിച്ചത്, ശസ്ത്രക്രിയക്കു ശേഷം ഏത് ടാറ്റുവാണ് വരച്ചത് തുടങ്ങി ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയാണ് ലഭിച്ചിരുന്നത്. എന്നാൽ കിംബർലി നൽകിയ ഫോൺ നമ്പറോ, ഇ മെയിലോ ജോലി ചെയ്തതായി പറഞ്ഞ കമ്പനിയോ നിലവിലുള്ളതായിരുന്നില്ല.
ആവശ്യപ്പെട്ട ചിത്രങ്ങൾക്കു പകരം മുഖത്തിന്റെ ഫോട്ടോയാണ് അയച്ചത്. ഇത് പരിശോധിച്ചതോടെ എ.ഐ വഴി നിർമിച്ചതാണെന്ന് വ്യക്തമായി. തുടർന്നാണ് അയച്ച ടെക്‌സ്റ്റകളും പരിശോധിച്ചത്. അവയും നിർമിത ബുദ്ധിയുടെ സൃഷ്ടിയായിരുന്നു.