ജിദ്ദ - മേഖലയില്‍ സമാധാനവും ശാന്തിയുമുണ്ടാക്കാന്‍ സൗദി അറേബ്യ നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ വിജയത്തിലേക്ക്. പന്ത്രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം സൗദി അറേബ്യയും സിറിയയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികളും കോണ്‍സുലേറ്റുകളും പരസ്പരം തുറക്കാനും സൗദി, ഇറാന്‍ സംഘങ്ങള്‍ പരസ്പര സന്ദര്‍ശനങ്ങള്‍ നടത്തുകയും റിയാദിലെ ഇറാന്‍ എംബസി ഗെയ്റ്റ് ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായി തുറക്കുകയും യെമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ ശ്രമിച്ച് യെമനിലേക്കുള്ള സൗദി അംബാസഡര്‍ മുഹമ്മദ് ആലുജാബിറിന്റെ നേതൃത്വലുള്ള സൗദി, ഒമാന്‍ സംഘം സന്‍ആ സന്ദര്‍ശിച്ച് ഹൂത്തി നേതാക്കളുമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടത്തുകയും ചെയ്ത അതേ സമയത്തു തന്നെയാണ് സൗദി അറേബ്യയും സിറിയയും തമ്മിലുള്ള ബന്ധങ്ങളും സാധാരണ നിലയിലാകുന്നത്.
സൗദി അറേബ്യക്കും സിറിയക്കുമിടയില്‍ കോണ്‍സുലാര്‍ സേവനങ്ങളും വിമാന സര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും സിറിയന്‍ വിദേശ മന്ത്രി ഡോ. ഫൈസല്‍ അല്‍മിഖ്ദാദും ജിദ്ദയില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന പറഞ്ഞു. സിറിയയുടെ അഖണ്ഡതയും സുരക്ഷയും സ്ഥിരതയും അറബ് സ്വത്വവും കാത്തുസൂക്ഷിക്കുന്ന നിലക്ക് സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങള്‍ സൗദി, സിറിയന്‍ വിദേശ മന്ത്രിമാര്‍ വിശകലനം ചെയ്തു. സിറിയയിലെ മുഴുവന്‍ പ്രദേശങ്ങളിലും റിലീഫ് വസ്തുക്കള്‍ എത്തിക്കാനും അഭയാര്‍ഥികളുടെ സുരക്ഷിതമായ മടക്കത്തിനും അനുയോജ്യമായ സാഹചര്യമൊരുക്കാനും സിറിയയില്‍ സ്ഥിതിഗതികള്‍ ഭദ്രമാക്കാന്‍ സഹായിക്കുന്ന കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനും സൗദി, സിറിയന്‍ വിദേശ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.
ഭീകര വിരുദ്ധ പോരാട്ടം, മയക്കുമരുന്ന് കടത്തും വ്യാപാരവും ചെറുക്കല്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. സിറിയയില്‍ സായുധ മിലീഷ്യകളുടെ സാന്നിധ്യം അവസാനിപ്പിക്കാനും സര്‍ക്കാര്‍ ഏജന്‍സികളുടെ നിയന്ത്രണം വ്യാപിപ്പിക്കാനും സിറിയന്‍ ആഭ്യന്തര കാര്യങ്ങളിലെ ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കാനും ഭരണകൂട സ്ഥാപനങ്ങളെ പിന്തുണക്കും.
സിറിയന്‍ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം കൈവരിക്കാനും ദേശീയ അനുരഞ്ജനം സാധ്യമാക്കാനും സിറിയയെ അറബ് ചുറ്റുപാടുകളിലേക്ക് തിരികെ കൊണ്ടുവരാനും അറബ് ലോകത്ത് സിറിയയുടെ സ്വാഭാവിക പങ്ക് പുനരാരംഭിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ചും വിദേശ മന്ത്രിമാര്‍ വിശകലനം ചെയ്തു. സിറിയന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെയും സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളെയും സിറിയ വിലമതിക്കുന്നതായി ഡോ. ഫൈസല്‍ അല്‍മിഖ്ദാദ് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)