Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു

ശൈഖ് അബ്ദുല്ല അല്‍ഖലീഫ, ഡോ. അഹ്മദ് അല്‍ഹമാദി

റിയാദ് - യു.എന്‍ ചാര്‍ട്ടര്‍ തത്വങ്ങള്‍ക്കും നയതന്ത്ര ബന്ധങ്ങള്‍ക്കുള്ള 1961 ലെ ജനീവ കണ്‍വെന്‍ഷന്‍ വകുപ്പുകള്‍ക്കും അനുസൃതമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ബഹ്‌റൈനും ഖത്തറും തീരുമാനിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സ്റ്റാറ്റിയൂട്ടിന്റെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി, രാജ്യങ്ങള്‍ തമ്മിലുള്ള തുല്യത, ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമാധാനം, നല്ല അയല്‍പക്കബന്ധം എന്നിവ മാനിച്ച് ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനും ഗള്‍ഫ് ഏകീകരണവും ഐക്യവും പ്രോത്സാഹിപ്പിക്കാനുമുള്ള പരസ്പര ആഗ്രഹത്തിന്റെ ഭാഗമായാണ് പുതിയ ചുവടുവെപ്പ്.
സംയുക്ത നിയമ സമിതിയുടെയും സംയുക്ത സുരക്ഷാ സമിതിയുടെയും ആദ്യ യോഗത്തിന്റെ ഫലങ്ങള്‍ വിലയിരുത്തി റിയാദില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആസ്ഥാനത്ത് ബഹ്‌റൈന്‍, ഖത്തര്‍ സംഘങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്. ബഹ്‌റൈന്‍ വിദേശ മന്ത്രാലയത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് അല്‍ഖലീഫയുടെയും ഖത്തര്‍ വിദേശ മന്ത്രാലയ സെക്രട്ടറി ജനറല്‍ ഡോ. അഹ്മദ് അല്‍ഹമാദിയുടെയും നേതൃത്വത്തിലാണ് ബഹ്‌റൈന്‍, ഖത്തര്‍ സംഘങ്ങള്‍ റിയാദില്‍ ജി.സി.സി ആസ്ഥാനത്ത് ചര്‍ച്ച നടത്തിയത്.
ഖത്തറിനെതിരായ അറബ് ഉപരോധം അവസാനിപ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് ഖത്തറും ബഹ്‌റൈനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നത്. മൂന്നര വര്‍ഷം നീണ്ട ഖത്തര്‍ ഉപരോധം സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും 2021 ജനുവരിയില്‍ അവസാനിപ്പിച്ചിരുന്നു. ബഹ്‌റൈന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ഖത്തറുമായി യാത്രാ, വ്യാപാര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പരിഹരിക്കപ്പെടാത്ത ചില പ്രശ്‌നങ്ങളുടെ പേരില്‍ ബഹ്‌റൈനും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. ഉഭയകക്ഷി ബന്ധങ്ങളിലെ വിള്ളലുകള്‍ പരിഹരിക്കാനുള്ള നീക്കത്തിന്റെ സൂചനയെന്നോണം കഴിഞ്ഞ ജനുവരിയില്‍ ബഹ്‌റൈന്‍ കിരീടാവകാശി ഖത്തര്‍ അമീറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News