കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ജയറാമിന്റെ കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളെല്ലാം പരാജയത്തിന്റെ വക്കിലായിരുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണതത്ത എന്ന ചിത്രത്തില്‍ കിടിലം മേക്കോവറിലാണ് ജയറാം എത്തിയത്. ആ ചിത്രത്തില്‍ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയറാമിന്റെ കരിയര്‍ അവസാനിച്ചെന്നുവരെ ചര്‍ച്ച ഉയര്‍ന്ന സമയത്താണ് പഞ്ചവര്‍ണതത്തയിലൂടെ താരം വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ ജയറാമിനെപ്പോലെ മികച്ച താരത്തെ എഴുതിതള്ളുകയെന്നത് മോശം കാര്യമാണെന്ന് കുഞ്ചാക്കോ ബോബനും അഭിപ്രായപ്പെട്ടിരുന്നു. ജയറാമിനെക്കുറിച്ച് മഹേഷ് ഗോപാല്‍ എന്നൊരാള്‍ എഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. എന്താണ് ജയറാമിന്റെ കരിയറിന് സംഭവിച്ചതെന്ന് വിലയിരുത്തുകയാണ് മഹേഷ്. ജയറാമും ഈ കുറിപ്പ് പങ്കുവച്ചിരുന്നു.
ആവശ്യത്തിലേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ജയറാം. സമീപകാലത്തെ കുറേയേറെ ചിത്രങ്ങള്‍ അതിന് കാരണമായിട്ടുണ്ടെങ്കിലും ജയറാം എന്ന നടനെ അത്ര വേഗമൊന്നും എഴുതിത്തള്ളാന്‍ കഴിയില്ല. ജയറാം എന്ന നടന്‍ എങ്ങനെ ഉയര്‍ന്നു വന്നുവെന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചടികള്‍ക്ക് കാരണമെന്നും വസ്തുനിഷ്ഠമായി വിലയിരുത്തുകയാണ് ഇവിടെ.നായകനായി വന്ന്, മുപ്പതു വര്‍ഷങ്ങളായി നായകനായി തന്നെ നിലനില്‍ക്കുന്ന ഈ നടന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകള്‍ക്ക് കാരണങ്ങള്‍ അനവധിയാണ്.അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ ഒരു നടനെന്ന നിലയില്‍ പ്രേക്ഷക മനസ്സില്‍ വ്യക്തമായൊരു സ്ഥാനമുണ്ടാക്കാന്‍ ജയറാമിനു കഴിഞ്ഞു. മഹേഷ് കുറിപ്പില്‍ വ്യക്തമാക്കി.