ന്യൂദല്‍ഹി- പ്ലസ് വണ്‍ പാഠപുസ്തകം പരിഷ്‌കരിച്ചപ്പോള്‍ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുല്‍ കലാം ആസാദ് പുറത്ത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷനല്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി) പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകം പരിഷ്‌കരിച്ചപ്പോഴാണ് ആസാദിനെ ഒഴിവാക്കിയത്. നേരത്തെ ആദ്യ അധ്യായമായ കോണ്‍സ്റ്റിറ്റിയൂഷന്‍ -വൈ ആന്റ് ഹൗ എന്നതിലാണ് ആസാദിനെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്.
ഭരണഘടനാ അസംബ്ലിക്ക് വിവിധ വിഷയങ്ങളില്‍ എട്ട് പ്രധാന കമ്മിറ്റികള്‍ ഉണ്ടായിരുന്നുവെന്നും ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സര്‍ദാര്‍ പട്ടേല്‍, മൗലാനാ ആസാദ്, അംബേദ്കര്‍ എന്നിവര്‍ അധ്യക്ഷന്മാരായി എന്നുമാണ് പഴയ പുസ്തകത്തില്‍ ഉണ്ടായിരുന്നത്. പുതിയ പാഠപുസ്തകത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു, രാജേന്ദ്ര പ്രാദസ്, സര്‍ദാര്‍ പട്ടേല്‍, ബി.ആര്‍.അംബേദ്കര്‍ എന്നിവര്‍ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കിയെന്നാണുള്ളത്.
ഇന്ത്യയുടെ ഭരണഘടനാ കരട് തയാറുന്നതില്‍ മൗലാനാ ആസാദ് നല്‍കിയ നിര്‍ണായക സംഭാവനകള്‍ ഇതിലൂടെ തമസ്‌കരിക്കപ്പെടുകയാണ്. ഇന്ത്യന്‍ ഭരണഘടനാ കരട് തയറാക്കിയ പുതിയ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ തെരഞ്ഞെടുപ്പില്‍ ആസാദ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയ അദ്ദേഹം അസംബ്ലിയില്‍ പ്രധാന അംഗമായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റെന്ന നിലയില്‍ ആദ്ദഹമാണ് ബ്രിട്ടീഷ് കാബിനറ്റ് മിഷനുമായി ചര്‍ച്ച നടത്തിയ പ്രതിനിധി സംഘത്തെ നയിച്ചിരുന്നത്.
ആസാദിനെ നീക്കിയതിനു പുറമെ, എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ പത്താം അധ്യായമായ ഇന്ത്യന്‍ കോണ്‍സ്റ്റ്റ്റിയൂഷന്‍ അറ്റ് വര്‍ക്ക് എന്നതില്‍ ജമ്മു കശ്മീരിനെ ഉപാധികളോടെ ചേര്‍ത്തതിനെ കുറിച്ചുള്ള പരാമര്‍ശവും ഒഴിവാക്കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)