Sorry, you need to enable JavaScript to visit this website.

ഒരു ക്രിമിനലിന് ആരുടെയും ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്യിക്കാം! ആരെ വിശ്വസിച്ച് പണം നിക്ഷേപിക്കുമെന്ന് ഇരകൾ?

- അക്കൗണ്ട് മരവിപ്പിക്കലിന് പിന്നാലെ ആശങ്കയുമായി ആയിരങ്ങൾ 
- തട്ടിപ്പിന് പിന്നിലാര്? ഇത് നോട്ട് നിരോധം പോലെ മറ്റൊരു കൊള്ളയോ?


 തങ്ങളുടേതല്ലാത്ത കാരണത്താൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർധനവാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇനി തങ്ങൾ ആരെ, എന്ത് വിശ്വസിച്ചാണ് ബാങ്കിൽ പണം നിക്ഷേപിക്കുകയെന്നാണ് ഇരകളായ പല അക്കൗണ്ട് ഉടമകളും ചോദിക്കുന്നത്. ഈ പകൽക്കൊള്ളയിൽ നടപടി വൈകുന്നത് മൂലം പല ബാങ്കുകളിൽനിന്നും വൻതോതിൽ നിക്ഷേപം പിൻവലിക്കാൻ ഇടപാടുകാർ നിർബന്ധിതരാവുന്നുണ്ട്.
 
 ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ഇസ്മാഈൽ ഇബ്രാഹിംകുട്ടി എന്ന ആൾക്ക് പത്തിരി വിറ്റ വകയിൽ 300 രൂപ ഗൂഗ്ൾ പേ വഴി വാങ്ങിയതാണ് അക്കൗണ്ട് ഫ്രീസ് ചെയ്യാനിടയാക്കിയത്. പണം അയച്ച തൃക്കുന്നപ്പുഴ പാനൂർ സ്വദേശിനിയായ യുവതിക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ കേസുണ്ടെന്നാണ് ഇതിന് ലഭിച്ച മറുപടി. അരിപ്പത്തിരി കൊടുത്തതിന്റെ 300 രൂപ കിട്ടിയില്ലെന്നു മാത്രമല്ല, തന്റെ അക്കൗണ്ടിൽ വീട് നിർമാണത്തിനായി സൂക്ഷിച്ച നാല് ലക്ഷം രൂപ പിൻവലിക്കാനാകാത്ത അതിദയനീയ സ്ഥിതിയിലാണിപ്പോൾ ഈ അരിപ്പത്തിരി കച്ചവടക്കാരൻ. 
 കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ അയൽവാസിയായ ഒരു പ്രവാസിയിൽനിന്ന് ഒരു സഹോദരൻ മക്കളുടെ പഠനാവശ്യാർത്ഥം സാമ്പത്തിക വായ്പ ബാങ്ക് അക്കൗണ്ട് മുഖേന സ്വീകരിച്ചതാണ് വില്ലനായത്. വായ്പ എടുക്കാനായില്ലെന്നു മാത്രമല്ല, മകന്റെ പഠനാവശ്യാർത്ഥം സ്വരൂപിച്ച ഉള്ള പണം പോലും ബാങ്കിൽനിന്ന് പിൻവലിക്കാനാകാതെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടു.
 കൊല്ലം കായ്ക്കലിൽ യു.പി.ഐ ഇടപാടിലൂടെ 500 രൂപ സ്വീകരിച്ച ബേക്കറി കച്ചടവടക്കാരനായ അർഷദാണ് തട്ടിപ്പിനിരയായ മറ്റൊരു വ്യക്തി. ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ആളാണ് അർഷദിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതെന്നും അതിനാൽ സൈബർ പോലീസിന്റെ നിർദേശാനുസരം ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തുവെന്നുമാണ് ബാങ്കിന്റെ വിശദീകരണം.
  തിരുവനന്തപുരം കുറവൻകോണത്ത് കെട്ടിട നിർമാണ സാധനങ്ങൾ മൊത്തക്കച്ചവടം നടത്തുന്ന സെന്റ് ടെക് എന്ന സ്ഥാപനത്തിന്റെ ഫെഡറൽ ബാങ്കിലെ അക്കൗണ്ട് മൂന്ന് മാസത്തിലേറെയായി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെ കാരണവും മറ്റൊന്നല്ല, ഇതേപോലെ മറ്റൊരു 'കറുത്ത പുള്ളി' ഗുജറാത്തിൽനിന്ന് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതാണ് പ്രശ്‌നമായതെന്ന് സ്ഥാപന നടത്തിപ്പുകാരനായ സെന്റ് ബേബി പറഞ്ഞു. അവർ അയച്ച പണം തിരികെ പ്രസ്തുത അക്കൗണ്ടിലേക്ക് തന്നെ മടക്കി അയച്ചെങ്കിലും ആ തുകയും നഷ്ടപ്പെട്ട സ്ഥിതിയാണുണ്ടായത്.
 സ്ഥാപനത്തിന്റെ ലക്ഷങ്ങളുടെ പണമിടപാട് മരവിപ്പിക്കപ്പെട്ടുവെന്നു മാത്രല്ല, സ്ഥാപനത്തിൽ ഓഹരിയുള്ള ഒരു ഷെയർ ഉടമയ്ക്ക് ഇതിന്റെ പേരിൽ തന്റെ വ്യക്തിപരമായ അക്കൗണ്ടും ഉപയോഗിക്കാനാവാത്ത അവസ്ഥയാണുണ്ടായത്. കെ.എസ്.എഫ്.ഇയിലെ തുക അതേ അക്കൗണ്ട് ഉടമ തന്റെ ഗ്രാമീൺ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തപ്പോഴും ഇത്തരം ദുരനുഭവങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. കാര്യം അന്വേഷിച്ചപ്പോൾ യു.പിയിൽ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ അക്കൗണ്ട് സംബന്ധിച്ച് പരാതിയുണ്ടെന്നാണ് മറുപടി. 
 ആലുവ മുപ്പത്തടത്തെ സൂപ്പർ മാർക്കറ്റ് ഉടമക്ക് ഒരു കസ്റ്റമർ 267 രൂപ യു.പി.ഐ ഇടപാട് നടത്തിയതാണ് വിനയായത്. സ്ഥലത്തെ ഹോട്ടൽ ഉടമ, കോഴിക്കച്ചവടക്കാർ എന്നിവർക്കും ഇതേ ദുരനുഭവങ്ങളുണ്ട്. ഇവരുടെയെല്ലാം അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതിനാൽ പണം കൊടുക്കാനോ മറ്റു ബാധ്യതകൾ തീർക്കാനോ പറ്റാത്ത വല്ലാത്തൊരു ഊരാകുടുക്കിലാണ് കച്ചവടക്കാരും മറ്റും. ഇങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പേരാണ് ഇപ്രകാരം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട് നീതിയ്ക്കായി കെഞ്ചുന്നത്.
 യു.പി.ഐ ഗൂഗ്ൾ പേ ഇടപാടുകൾ മാത്രമല്ല സാധാരണ ബാങ്ക് ഇടപാടുകൾ മാത്രം നടത്തുന്നവരുടെയും അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതായി പരാതികളുണ്ട്. ഉത്തർ പ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പണം അയച്ച വ്യക്തിയുടെ പേരിൽ/അക്കൗണ്ട് സംബന്ധിച്ച് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ നിരപരാധികളായ ഡസൺ കണക്കിന് പേരുടെ ലക്ഷങ്ങളുടെ സമ്പാദ്യങ്ങൾ മരവിപ്പിക്കപ്പെടുന്നത്. പരാതിയുടെ വിശദാംശങ്ങൾ ചോദിച്ചാൽ ബാങ്കിന് അറിയില്ലതാനും. അതാത് സംസ്ഥാനങ്ങളിലെ പോലീസിനെ ബന്ധപ്പെട്ടു കേസ് പരിഹരിക്കാനാണ് ഇവർ നൽകുന്ന ഉപദേശമെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്.

 ഇത് നോട്ട് നിരോധത്തിന്റെ മറ്റൊരു പതിപ്പാണെന്നും ഈ സാമ്പത്തിക കുറ്റകൃത്യത്തിനെതിരെ കൈമലർത്തുന്നതിന് പകരം ധനകാര്യ സ്ഥാപനങ്ങൾ നിയമനടപടി സ്വീകരിച്ച് അക്കൗണ്ട് ഉടമകളുടെ വിശ്വാസ്യത ആർജിക്കാൻ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ വൻ പ്രതിസന്ധിക്കു വഴിവെക്കുമെന്നും അനുഭവസ്ഥർ ഓർമിപ്പിക്കുന്നു.


ബാങ്കുകൾ പറയുന്നത്....

 ഞങ്ങൾ നിങ്ങളുടെ പണം ക്രയവിക്രയം ചെയ്യുന്ന ഒരു ഏജൻസി മാത്രമാണ്. സർക്കാരോ പോലീസോ അന്വേഷണ വിധേയമായി ഒരു അക്കൗണ്ട് മരവിപ്പിക്കാൻ പറഞ്ഞാൽ ഞങ്ങൾക്കത് ചെയ്യാതെ പറ്റില്ലെന്നാണ് ഇതേക്കുറിച്ച് പരാതിപ്പെടുപ്പോൾ ബാങ്കുകൾ നൽകുന്ന വിശദീകരണം. ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നവർ സാമ്പത്തിക കുറ്റകൃത്യത്തിൽ പെട്ടവരല്ലെന്ന് അക്കൗണ്ട് ഉടമ അറിയണമെന്നും ഇവർ പറയുന്നു. 
 എന്നാൽ, തനിക്കു തരാനുള്ള പണം ഒരാൾ തരുന്നതിന് അയാളുടെ സാമ്പത്തിക ക്ലീൻചിറ്റ് ഒരു ഉപയോക്താവിന് എങ്ങനെ ഉറപ്പാക്കാനാവുമെന്നാണ് അക്കൗണ്ട ഉടമകളുടെ മറുചോദ്യം. ദിനംപ്രതി നൂറുകണക്കിന് ആളുകളുമായി ഒരു ബിസിനസ്സുകാരൻ ഇടപാട് നടത്തുമെന്നിരിക്കെ അവരുടെയൊക്കെ ബാക്ഗ്രൗണ്ട് അയാൾക്ക് എങ്ങനെ തിരിച്ചറിയാനാവുമെന്ന ചോദ്യത്തിനു മുമ്പിൽ തലയാട്ടി നിസ്സഹായാവസ്ഥയാണ് പല ബാങ്കുകളും പ്രകടിപ്പിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സർക്കാർ ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ...

 ചുരുക്കിപ്പറഞ്ഞാൽ, നാം സാമ്പത്തിക സുരക്ഷയോർത്ത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന പണം ഒട്ടും സുരക്ഷിതല്ലെന്നും, ആർക്ക് എപ്പോൾ വേണമെങ്കിലും തട്ടിയെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യാവുന്ന സ്ഥിതിയാണെന്നുമാണ് പലരുടെയും ദുരനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. ഡിജിറ്റൽ ഫ്രോഡ് ട്രാൻസാക്ഷനിലൂടെ പലർക്കും പണി കൊടുക്കുന്നതാണ് നിലവിലെ സ്ഥിതി. അതിനാൽ അക്കൗണ്ട് നമ്പർ, യു.പി.ഐ നമ്പർ എന്നിവ വിശ്വസ്തരായവർക്ക് മാത്രം കൈമാറുന്നതാണ് സൂക്ഷ്മതയ്ക്കു നല്ലതെന്നും ഉപദേശിക്കുന്നു. ഇതൊക്കെ വ്യക്തിപരമായി പാലിച്ചാലും ചെറുതും വലുതുമായ സ്ഥാപനങ്ങളെയും മറ്റും പൂട്ടിക്കാൻ നിലവിലെ സാഹചര്യം ധാരാളമാണ്. ആ നിലയ്ക്ക് വൻ സാമ്പത്തിക കുറ്റകൃത്യമാണ് നമുക്ക് ചുറ്റും അരങ്ങു തർക്കുന്നത്. 
 ഒരു കുറ്റകൃത്യം രജിസ്റ്റർ ചെയ്താൽ അതിന്റെ ഭാഗമായുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ശിപാർശ ചെയ്യാൻ പോലീസിനാവും. എന്നാൽ, ഇവിടെ പലപ്പോഴും കേസ് പോലും രജിസ്റ്റർ ചെയ്യാതെ, പരാതിയുടെ മറപിടിച്ച് ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നതായും വിവരങ്ങളുണ്ട്. ചില ബാങ്കുകൾ ഒരു കസ്റ്റമറോട് ഒരു ഉത്തരവാദിത്വവും ഇല്ലാത്തവിധം പെരുമാറുന്നതായും പറയുന്നു. അതിനിടെ, പോലീസിനെ ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ വൻ തുക വാങ്ങി കേസിൽ ഒത്തുതീർപ്പുകൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
 ഒരു സൈബർ പരാതി രജിസ്റ്റർ ചെയ്താൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാമെന്നും അങ്ങനെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവർ ഒത്തുതീർപ്പിനെത്തുമെന്നും കരുതി പ്രവർത്തിക്കുന്ന വൻ റാക്കറ്റ് ഇതിന് പിന്നിലുള്ളതായും പറയുന്നു. അതിനാലാണ് ഒത്തുതീർപ്പു ചർച്ചകളും വ്യക്തിപരമായ സെറ്റിൽമെറ്റും നടക്കുന്നത്. ഇത് ചിലയിടത്തെങ്കിലും പോലീസിന്റെയോ മറ്റോ ഒത്താശയോടെ പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങളാണെന്നും സംശയങ്ങളുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഗൗരവപമായ അന്വേഷണം നടക്കേണ്ടതുണ്ട്. വലിയ തട്ടിപ്പും അനീതിയുമാണ് നിയമത്തിന്റെ മറപിടിച്ച് ഇവിടെ നടമാടുന്നത്. സാമ്പത്തികരംഗം കീഴ്‌മേൽ മറിക്കാൻ ഇടയാക്കുന്ന, ബാങ്കിംഗ് മേഖലയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന, മനുഷ്യന്റെ ദൈനംദിന ജീവിതത്തെ കൂടുതൽ ദുരിതപൂർണമാക്കുന്ന കടുത്ത സാമ്പത്തിക ക്രിമിനൽ കുറ്റകൃത്യമാണിത്.
  ഇതിനെതിരെ ശക്തമായ നിയമ നടപടിയിലൂടെ അക്കൗണ്ട് ഉടമകളുടെ വിശ്വാസ്യത ആർജിക്കാനും അരക്ഷിതാവസ്ഥ ഒഴിവാക്കാനും ബാങ്കുകളുടെയും സർക്കാറിന്റെയും ഭാഗത്തുനിന്ന് കൂടുതൽ കുറ്റമറ്റതും സുതാര്യവുമായ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.
 ഒരു മുന്നറിയിപ്പുമില്ലാതെ ഒരാളുടെ സമ്പാദ്യമാകെ മരവിപ്പിക്കുന്നതും ബാങ്ക് നിക്ഷേപങ്ങളുടെ സുരക്ഷിതത്വം പൂർണമായും നഷ്ടമാവുന്നതും ഇക്കോണമിയിൽ വലിയ പ്രത്യാഘാതമാണ് ക്ഷണിച്ചുവരുത്തുക. ഒരാളുടെ അക്കൗണ്ട്, ആരുടെ പരാതിയിൽ എന്തിന് മരവിപ്പിച്ചു? ഫ്രീസിംഗ് മാറ്റാൻ ആരെ സമീപിക്കണം, എന്തു ചെയ്യണം? തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഇതോടനുബന്ധിച്ച് ഉയരുന്നുണ്ട്. ആയതിനാൽ, ഇത്തരം ചൂഷണങ്ങൾ ഇല്ലാതാക്കാൻ കൂടുതൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. അനുഭവിച്ചവർ അനുഭവിച്ചു. ഇനിയും ഇത് പിടിച്ചുകെട്ടിയില്ലെങ്കിൽ നാം ഓരോരുത്തരും വലിയ വില കൊടുക്കേണ്ടി വരും.
  ദുരൂഹമായ ഒത്തിരി ഇടപാടുകളും ഇടപെടലുകളും ഇതിന് പിന്നിലുണ്ട്. നിയമവിരുദ്ധമായ ആ തട്ടിപ്പുകേന്ദ്രങ്ങളുടെ ചുരുളഴിക്കാൻ സൈബർ, പോലീസ്, നീതിന്യായ സംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ ഉണ്ടായേ തീരൂ. വിവിധ ധനകാര്യ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും ഇതിനെ നിസ്സംഗമായി കണ്ടാൽ അതുണ്ടാക്കുന്ന പരുക്കുകൾ മാരകമായിരിക്കും.

Latest News