ന്യൂഡൽഹി - രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഒഴികെ 29 പേരും കോടിപതികളെന്ന് റിപ്പോർട്ട്. ഇതിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ആണ് ആസ്തി പട്ടികയിൽ ഏറ്റവും മുന്നിലുള്ളത്. 510 കോടിയാണ് ജഗന്റെ ആസ്തി. എന്നാൽ മുഖ്യമന്ത്രിമാരിൽ വെറും 15.38 ലക്ഷം രൂപ മാത്രമുള്ള മമത ബാനർജിയാണ് പട്ടികയിൽ ഏറ്റവും പിറകിൽ.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) ആണ് മുഖ്യമന്ത്രിമാരുടെ ആസ്തി പട്ടിക പുറത്തുവിട്ടത്. 163 കോടി ആസ്തിയുള്ള അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു, 63 കോടിയുള്ള ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരാണ് സമ്പത്തിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള മുഖ്യമന്ത്രിമാർ. കേരള മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടി രൂപയാണ് ആസ്തി. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും 1 കോടിയാണ് ആസ്തിയുള്ളത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും 3 കോടി വീതമാണ് ആസ്തി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് 23.55 കോടിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മക്കും എട്ടു കോടി വീതമാണ് ആസ്തിയുള്ളത്. 13 മുഖ്യമന്ത്രിമാർ വിവിധ ക്രിമിനൽ കേസുകളിൽ പെട്ടവരാണെന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ടിൽ വ്യക്തമാക്കി.