കൊല്‍ക്കത്ത- പെരുമ്പാമ്പിനെ പിടികൂടി കഴുത്തിലിട്ട വനപാലകന്‍ വരിഞ്ഞുമുറുക്കിയ പാമ്പില്‍നിന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിന്. ഗ്രാമീണര്‍ക്ക് സെല്‍ഫിയെടുക്കാന്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ 40 കിലോ ഭാരമുള്ള പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. കഠിനശ്രമത്തിനൊടുവിലാണ് സഞ്ജയ് ദത്തയെന്ന വനപാലകന് ജീവന്‍ തിരിച്ചുകിട്ടിയത്.
സിലിഗുരിയില്‍നിന്ന് 35 കി.മീ അകലെ ജല്‍പൈഗുരി ജില്ലയിലെ സാഹെബ്ബാരി ഗ്രാമത്തിലാണ് സംഭവം.
കൂറ്റന്‍ പെരുമ്പാമ്പ് ഒരു ആടിനെ വിഴുങ്ങുന്നത് കണ്ടപ്പോഴാണ് ഗ്രാമീണര്‍ വനപാലകനെ വിളിച്ചത്. പാമ്പിനെ പിടികൂടി സുരക്ഷിതമായി ചാക്കിനകത്താക്കുന്നതിനു പകരം വനപാലകന്‍ അതിനെ കഴുത്തിലിട്ട് ഗ്രാമീണരെ അമ്പരപ്പിക്കുകയായിരുന്നു. ക്യാമറ മിന്നുമ്പോഴേക്കും പാമ്പ് കഴുത്തില്‍ മുറുകിയിരുന്നു.
പത്ത് മീറ്ററോളം വളരാറുള്ള ഇന്ത്യന്‍ പെരുമ്പാമ്പ് പൊതുവെ വിഷമുള്ളതല്ലെങ്കിലും വരിഞ്ഞുമുറുക്കി ഇരകളെ കൊല്ലാന്‍ കഴിയുന്നതാണ്.
സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാതെ വനപാലകന്‍ കാണിച്ച സാഹസത്തെ കുറിച്ച് പശ്ചിമ ബംഗാള്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
പെരുമ്പാമ്പിനെ ഗ്രാമീണരില്‍നിന്ന് രക്ഷിക്കാനാണ് താന്‍ അതിനെ കഴുത്തിലിട്ടതെന്നാണ് വനപാലകന്റെ വാദം. ഇല്ലെങ്കില്‍ വടികളുമായി എത്തിയ ഗ്രാമീണര്‍ അതിനെ തല്ലിക്കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാമ്പിനെ രക്ഷിക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. അതിന്റെ വായ അമര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ചുമലിലിട്ടത്. പെരുമ്പാമ്പ് പിടിത്തം മുറുക്കിയപ്പോഴും താന്‍ ഒരു നിമിഷം പോലും പേടിച്ചില്ലെന്നും പേടിച്ചിരുന്നെങ്കില്‍ കഥ തീര്‍ന്നേനേയെന്നും ദത്ത എ.എഫ്.പിയോട് പറഞ്ഞു. പെരുമ്പാമ്പിനെ കൊണ്ടുപോകാന്‍ തന്റെ പക്കല്‍ ചാക്ക് ഉണ്ടായിരുന്നില്ലെന്നും കാറിലാണ് സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പോകാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.