ന്യൂദല്‍ഹി- മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി മാറിയതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വലിയ അഴിച്ചുപണിക്കൊരുങ്ങുന്നു. തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ശേഷിക്കെ ഇരുനേതാക്കളും തമ്മിലുള്ള കിടമത്സരം നിയന്ത്രണാതീതമായ നിലയിലേക്ക് മാറിയത് പാര്‍ട്ടി ദേശീയ നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.
മൂന്നു വര്‍ഷം മുമ്പ് ഗെലോട്ടിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പൈലറ്റിനെ വളരെ പാടുപെട്ടാണ് കോണ്‍ഗ്രസ് ആശ്വസിപ്പിച്ചുനിര്‍ത്തിയത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കെതിരെ ദിവസം മുഴുവന്‍ നീണ്ട സത്യഗ്രഹവുമായാണ് ഇത്തവണ പൈലറ്റ് രംഗത്തുവന്നത്. ബി.ജെ.പി നേതാവ് വസുന്ധര രാജെ സിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ഉറച്ച നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നാണ് പൈലറ്റിന്റെ കുറ്റപ്പെടുത്തല്‍.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കേന്ദ്ര നേതൃത്വം ഉടന്‍ ഇടപെടുമെന്നാണ് സൂചന. രാജസ്ഥാന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഖ്ജിന്ദര്‍ രണ്‍ധാവ പാര്‍ട്ടി അധ്യക്ഷനെകണ്ട് ചര്‍ച്ച നടത്തി. രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാന്‍ മേജര്‍ സര്‍ജറി തന്നെ വേണമെന്നാണ് നേതൃത്വം കരുതുന്നത്. സംസ്ഥാനത്തെ മറ്റ് മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.
പഞ്ചാബിലെ പരാജയം രാജസ്ഥാനില്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അവിടെ മുഖ്യമന്ത്രി അമരീന്ദറും എതിരാളി നവജ്യോത് സിധുവും തമ്മിലുള്ള പോരാണ് പാര്‍ട്ടിയുടെ അടിവേരറുത്തത്. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ അമരീന്ദര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി.
മുഖ്യമന്ത്രി ഗെലോട്ടിനാണ് ഹൈക്കമാന്റിന്റെ പിന്തുണയെന്ന് പാര്‍ട്ടിയിലെ പ്രമുഖര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ യുവമുഖമായ പൈലറ്റിനെ പിണക്കാനും കഴിയില്ല. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി ഉയര്‍ത്തി ബി.ജെ.പി രംഗത്തുള്ളതിനാല്‍ ഏതു തീരുമാനവും സൂക്ഷ്മതയോടെ മാത്രമേ കൈക്കൊള്ളാനാവൂ.