ന്യൂദല്‍ഹി- വടക്കന്‍ ദല്‍ഹിയിലെ ബുരാരിയില്‍ തിരക്കേറിയ തെരുവില്‍ പട്ടാപ്പകല്‍ ഗുണ്ടാ സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. വെടിവെയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗോഗി ഗ്യാങ്, ടില്ലു ഗ്യാങ് എന്നറിയപ്പെടുന്ന രണ്ടു പ്രാദേശിക ഗുണ്ടാ സംഘങ്ങളാണ് തെരുവില്‍ പരസ്യമായി ഏറ്റുമുട്ടിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10.15ഓടെയാണ് തിരക്കേറിയ തെരുവില്‍ രണ്ടു കാറുകളിലായെത്തിയ സംഘം വാഹനത്തിലിരുന്ന് പരസ്പരം വെടിവച്ചത്. പിടിച്ചുപറി, കൊലപാതകം അടക്കം നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഈ സംഘങ്ങള്‍.
ടില്ലു ഗ്യാങിലെ രണ്ടു ഗുണ്ടകള്‍ എതിര്‍ സംഘമെത്തിയ വാഹനത്തില്‍ നിന്നുള്ള വെടിയേറ്റു മരിച്ചു. ഇതിനിടയില്‍പ്പെട്ടാണ് അതുവഴി കടന്നു പോകുകയായിരുന്ന 37-കാരിയായ സ്ത്രീ വെടിയേറ്റു മരിച്ചത്. പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഇരു ഗുണ്ടാ സംഘങ്ങളും നേരത്തേയും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.