ബറേലി-അത്ഭുത മരുന്നാണെന്ന് സംഘ്പരിവാര്‍ കൊട്ടിഘോഷിക്കുന്നതിനിടെ ഹാനികരമായ ബാക്ടീരിയകള്‍ അടങ്ങിയ ഗോമൂത്രം മനുഷ്യര്‍ക്ക് നേരിട്ട് കഴിക്കാന്‍ യോഗ്യമല്ലെന്ന് ഗവേഷണം. ബറേലി ആസ്ഥാനമായുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഐ.വി.ആര്‍.ഐ) നടത്തിയ ഗവേഷണത്തിലാണ് സുപ്രധാന നിരീക്ഷണം. എരുമയുടെ മൂത്രമാണ് ചില ബാക്ടീരിയകളെ ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമെന്നും പഠനത്തില്‍ കണ്ടെത്തി.
ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രത്തില്‍ കുറഞ്ഞത് 14 തരം ഹാനികരമായ ബാക്ടീരിയകളെങ്കിലുമുണ്ട്. ആമാശയ അണുബാധക്ക് കാരണമാകുന്ന ഇ-കോളി സാന്നിധ്യവും കണ്ടെത്തി. മൂന്ന് പിഎച്ച്.ഡി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പഠനത്തിന് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഭോജ് രാജ് സിംഗാണ് നേതൃത്വം നല്‍കിയത്. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഓണ്‍ലൈന്‍ ഗവേഷണ വെബ്‌സൈറ്റായ റിസര്‍ച്ച്‌ഗേറ്റില്‍ പ്രസിദ്ധീകരിച്ചു.
മനുഷ്യരോടൊപ്പം പശു, എരുമ എന്നിവയുടെ 73 മൂത്ര സാമ്പിളുകളില്‍ നടത്തിയ വിശകലനത്തില്‍ എരുമയുടെ മൂത്രത്തിലെ ആന്റി ബാക്ടീരിയല്‍ പ്രവര്‍ത്തനം പശുക്കളേക്കാള്‍ വളരെ മികച്ചതാണെന്നാണ് കണ്ടെത്തിയതായും ഇന്‍സ്റ്റിറ്റിയൂട്ടിലെ എപ്പിഡെമിയോളജി വിഭാഗം മേധാവികൂടിയായ ഭോജ് രാജ സിംഗ് പറഞ്ഞു. എസ് എപ്പിഡെര്‍മിഡിസ്, ഇ റാപോണ്ടിസി തുടങ്ങിയ ബാക്ടീരിയകള്‍ക്കെതിരെ എരുമയുടെ മൂത്രം കൂടുതല്‍ ഫലപ്രദമാണ്.
പ്രാദേശിക ഡയറി ഫാമുകളില്‍നിന്ന് സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി (ക്രോസ് ബ്രീഡ്) എന്നീ മൂന്ന് തരം പശുക്കളുടെ മൂത്ര സാമ്പിളുകളാണ് ശേഖരിച്ചത്. എരുമകളുടെയും മനുഷ്യരുടെയും മൂത്ര സാമ്പിളുകളും ശേഖരിച്ചു. 2022 ജൂണിനും നവംബറിനുമിടയില്‍ നടത്തിയ പഠനത്തില്‍ ആരോഗ്യമുള്ള വ്യക്തികളുടെ മൂത്ര സാമ്പിളുകളില്‍ ഗണ്യമായ അനുപാതത്തില്‍ രോഗകാരികളായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തി.
ചില വ്യക്തികളുടെ മൂത്രം ഏതാനും ബാക്ടീരിയകളെ തടസ്സപ്പെടുത്താമെങ്കിലും ഗോമൂത്രം ആന്റി ബാക്ടീരിയല്‍ ആണെന്ന പൊതു വിശ്വാസം സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ലെന്ന് ഭോജ് രാജ സിംഗ് വിശദീകരിച്ചു.
ഒരു സാഹചര്യത്തിലും മനുഷ്യ ഉപഭോഗത്തിന് മൂത്രം ശുപാര്‍ശ ചെയ്യാന്‍ കഴിയില്ല. വാറ്റിയെടുത്ത മൂത്രത്തില്‍ സാംക്രമിക ബാക്ടീരിയ ഇല്ലെന്ന വാദം ചിലര്‍ ഉന്നയിക്കുന്നുണ്ടെന്നും ഞങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) വ്യാപാരമുദ്രയില്ലാതെയാണ് ഇന്ത്യന്‍ വിപണയില്‍ പല കമ്പനികളും ഗോമൂത്രം വ്യാപകമായി വില്‍ക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)