മുംബൈ-ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ ശിവസേന പങ്കാളിത്തം വഹിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ചന്ദ്രകാന്ത് പാട്ടീല്‍. 1992 ഡിസംബര്‍ ആറിന് ബജ്‌റംഗ് ദള്‍, ദുര്‍ഗവാഹിനി പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഒറ്റ ശിവസേന പ്രവര്‍ത്തകനും അയോധ്യയില്‍ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രാദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ മന്തിയായ പാട്ടീല്‍ ശിവസേനയുടെ പങ്ക് തള്ളിക്കളഞ്ഞത്.
അയോധ്യയിലെത്തുന്ന കര്‍സേവകരുടെ കാര്യങ്ങള്‍ സുഗമമാക്കുന്നതിനായി മൂന്ന് നാല് മാസം മുമ്പ് തന്നെ താന്‍ അയോധ്യയില്‍ ഉണ്ടായിരുന്നുവെന്ന് പാട്ടീല്‍ പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിമാരെന്ന നിലയില്‍ തന്നോടൊപ്പം സുശീല്‍ കുമാര്‍ മോഡി, ഹരേന്ദ്ര കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ബജ്‌റംഗ് ദള്‍, വി.എച്ച്.പി, ദുര്‍ഗ വാഹിനി പ്രവര്‍ത്തകരാണ് കര്‍സേവകരായി എത്തയിരുന്നത്. ആര്‍.എസ്.എസാണ് തങ്ങള്‍ക്കു പിന്നില്‍ കരുത്തായി ഉണ്ടായിരുന്നതെങ്കിലും പ്രത്യക്ഷത്തില്‍ ഇടപെട്ടിരുന്നില്ല. സമാന ചിന്താഗതിക്കാരായ സംഘടനകള്‍ക്ക് ആര്‍.എസ്.എസ് ദൗത്യം വിട്ടുകൊടുക്കുകയാണ് ചെയ്തതെന്നും പാട്ടീല്‍ വിശദീകരിച്ചു.
ഇപ്പോള്‍ ബാബരി മസ്ജിദ് തകര്‍ച്ചയെ കുറിച്ച് പറയുന്ന ശിവസേന യുബിടി നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് ആ സമയത്ത് അയോധ്യയില്‍ വന്നിട്ടുപോലുമില്ല- അദ്ദേഹം പറഞ്ഞു.
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ ആരുടേയും സ്വത്തല്ലെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ബാല്‍ താക്കറെയുടെ പാരമ്പര്യം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്ന ഉദ്ദവ് താക്കറെയുടെ ആരോപണത്തിന് പാട്ടീല്‍ മറുപടി നല്‍കി. ബാല്‍താക്കറെ എല്ലാ ഹിന്ദുക്കളുടേതുമാണെന്നും ആര്‍ക്കും താക്കറെയുടെ പേര് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)