ഹൈദരാബാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി നടത്തുന്ന നിങ്ങളുടെ ബിരുദം കാണിക്കൂ പ്രചാരണത്തിനിടെ നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ലിങ്കണ്‍സ് ഇന്നില്‍ നിന്നുള്ള തന്റെ ബാര്‍അറ്റ്‌ലോ ബിരുദമാണ് അദ്ദേഹം വാര്‍ത്താ ലേഖകര്‍ക്കുമുന്നില്‍ കാണിച്ചത്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ എല്ലാ വിശദാംശങ്ങളും നല്‍കിയിരിക്കെ ബിരുദം കാണിക്കുന്നത് പ്രശ്‌നമാകേണ്ടതില്ലെന്ന് ഹൈദരാബാദ് എം.പിയായ ഉവൈസി ദാറുസ്സലാമിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ബിരുദം കാണിക്കാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ആം ആദ്മി പാര്‍ട്ടി (എഎപി) പ്രചാരണവുമായി തന്റെ നടപടിക്ക് ബന്ധമില്ലെന്നും താന്‍ പ്രതിപക്ഷ ഐക്യം എന്ന് വിളിക്കപ്പെടുന്നതിന്റെ ഭാഗമല്ലെന്നും ഉവൈസി പറഞ്ഞു.
ബിരുദം എവിടെയെന്ന് നിങ്ങള്‍ നാളെ എന്നോട് ചോദിച്ചേക്കാം. അതുകൊണ്ട് മുന്‍കൂട്ടി കാണിക്കുകയാണെന്ന് 1995 ല്‍ നേടിയ ബിരുദം കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ക്ക് ലിങ്കണ്‍സ് ഇന്‍ എന്ന വിലാസത്തില്‍ ഇമെയില്‍ അയച്ച് പരിശോധിക്കാമെന്നും എം.പി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ബിരുദങ്ങള്‍ ദേശീയ വിഷയമല്ലെന്ന നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാറിന്റെ പ്രസ്താവനയെക്കുറിച്ചും അദാനി വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും ചോദിച്ചപ്പോള്‍ ഈ ചോദ്യം കോണ്‍ഗ്രസിനോട് ചോദിക്കണമെന്നായിരുന്നു ഉവൈസിയുടെ മറുപടി.
ഇത് പ്രതിപക്ഷത്തിരിക്കുന്നവരുടെ പ്രശ്‌നമാണ്. നിങ്ങള്‍ പാര്‍ലമെന്റ് സ്തംഭിപ്പിച്ച് ഒരു തന്ത്രം മെനഞ്ഞു. ഇപ്പോള്‍ നിങ്ങളുടെ പ്രധാന പങ്കാളി അതിനു വിരുദ്ധമായി പറയുന്നു. കോണ്‍ഗ്രസ് നേതാക്കളോടും ശരദ് പവാറിനോടും ലോക്‌സഭാ അംഗത്വം നഷ്ടപ്പെട്ട നേതാവിനോടും ചോദിക്കണം- ഉവൈസി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)