Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ ജാതി വിവേചന കേസ് ഭാഗികമായി തള്ളി; വിജയമെന്ന് ഹിന്ദു സംഘടന

വാഷിംഗ്ടണ്‍- ഐടി ഭീമനായ സിസ്‌കോ ജാതി വിവേചനം കാണിച്ചുവെന്ന ആരോപണം അമേരിക്കയിലെ കാലിഫോര്‍ണിയ സ്‌റ്റേറ്റ് പിന്‍വലിച്ചു. അതേസമയം മറ്റു ആരോപണങ്ങളില്‍ കമ്പനിക്കെതിരായ കേസ് തുടരും. കമ്പനിക്കും ഇന്ത്യന്‍ വംശജരായ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് ഒരു ജീവനക്കാരന്‍ ആരോപണം ഉന്നയിച്ചിരുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കാലിഫോര്‍ണിയയിലെ ഫെയര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് 2020 ലാണ് ഈ കേസ് ഫയല്‍ ചെയ്തത്. യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജാതി വിവേചനത്തിന്റെ ആദ്യ കേസാണിത്. ദക്ഷിണേഷ്യയില്‍ സാധാരണമായ ജാതി വിവേചനം അമേരിക്കയിലുമുണ്ടെന്ന് സ്ഥിരീകരിച്ച കേസ് സിയാറ്റിലിലെ പോലെ രാജ്യത്തെ എല്ലാ സ്ഥലത്തും വിവേചനങ്ങള്‍ തടയുന്നതിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്താനും നീക്കമുണ്ടായിരുന്നു.
കേസ് ഭാഗികമായി ഉപേക്ഷിക്കുന്നതിനുള്ള അപേക്ഷ കാലിഫോര്‍ണിയ പൗരാവകാശ വകുപ്പ് (സിആര്‍ഡി) സാന്താ ക്ലാര കൗണ്ടിയിലുള്ള  കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
വ്യക്തികളായ രണ്ട് പ്രതികളെ മാത്രമേ ഒഴിവാക്കുന്നുള്ളൂവെന്നും  സിസ്‌കോക്കെതിരായ സിആര്‍ഡിയുടെ കേസ് തുടരുമെന്നും  പ്രസ് ഓഫീസ് അറിയിച്ചു. കാലിഫോര്‍ണിയയിലെ ജനങ്ങള്‍ക്ക് വേണ്ടി കേസ് ശക്തമായി തുടരുമെന്നും പറയുന്നു.  
രണ്ട് സൂപ്പര്‍വൈസര്‍മാരില്‍ നിന്ന് ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് കമ്പനിയിലെ ഇന്ത്യന്‍ വംശജനായ ദളിത് ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2020ലാണ് സിസ്‌കോക്കെതിരെ കാലിഫോര്‍ണിയയിലെ ഫെയര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ഹൗസിംഗ് വകുപ്പ് കേസ് ഫയല്‍ ചെയ്തത്. പരാതിപ്പെട്ടപ്പോള്‍ പ്രതികാര നടപടി സ്വീകരിച്ചതായും ഇന്ത്യന്‍ വംശജന്‍ ആരോപിച്ചു.
കമ്പനിക്കും സൂപ്പര്‍വൈസര്‍മാരായ  സുന്ദര്‍ അയ്യര്‍ക്കും രമണ കൊമ്പല്ലക്കുമെതിരെ ആയിരുന്നു കേസ്. രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരായ ആരോപണങ്ങളാണ്  ഉപേക്ഷിച്ചതെന്നും  കമ്പനിക്കെതിരായ കേസ് തുടരുമെന്നും പൗരാവകാശ വകുപ്പ് വ്യക്തമാക്കി.
അതേസമയം, ഇത് തങ്ങളുടെ വിജയമാണെന്ന് അവകാശപ്പെട്ട് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ (എച്ച്എഎഫ്) രംഗത്തുവന്നു. ഹിന്ദുക്കള്‍ക്കും ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കുമെതിരെ അവരുടെ മതത്തിന്റേയും വംശത്തിന്റേയും പേരില്‍ തെറ്റായ കാര്യങ്ങള്‍ ആരോപിക്കാന്‍ ഭരണകൂടത്തിന് അവകാശമില്ലെന്ന നിലപാടാണ് വിജയിച്ചതെന്നും സുന്ദര്‍ അയ്യരേയും കൊമ്പെല്ലയേയും കുറ്റവിമുക്തരാക്കിയതില്‍ സന്തോഷമുണ്ടെന്നും ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ സുഹാഗ് ശുക്ല പറഞ്ഞു.
ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ഇവര്‍ക്കെതിരെ വ്യാപക പ്രചാരണമാണ് ഓണ്‍ലൈനില്‍ നടന്നതെന്നും ഇരുവരും വലിയ അപഖ്യാതിയാണ് സഹിച്ചതെന്നും സുഹാഗ് ശുക്ല പറഞ്ഞു.  

'

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News