Sorry, you need to enable JavaScript to visit this website.

ചുക്കിനും കാപ്പിക്കും വില കൂടി

അറബ് രാജ്യങ്ങളിൽ നിന്നും ചുക്കിന് വൻ ഓർഡറുകൾ. എതാനും മാസങ്ങളായി വിലക്കയറ്റത്തെ പിടിച്ചു നിർത്തി ചരക്ക് സംഭരിച്ച കയറ്റുമതിക്കാർ ഒടുവിൽ വില ഉയർത്താൻ തയാറായി. പച്ച ഇഞ്ചിക്ക് പ്രദേശിക ആവശ്യം ഉയർന്നത് ചുക്ക് സംസ്‌കരണം പ്രതിസന്ധിലാക്കി. വാങ്ങലുകാരുടെ കണക്കുകൂട്ടലിനൊപ്പം ചുക്ക് ലഭിക്കാതെ വന്നതോടെ വില നിലവാരം കുതിക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. കൊച്ചിയിൽ ഇടത്തരം ചുക്ക് 17,500 ൽ നിന്നും 25,000 രൂപയായി. മികച്ചയിനം 27,500 രൂപയായി ഉയർന്നു. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും വൻ ഓർഡറുകൾ എല്ലാ മാസങ്ങളിലും ചുക്കിന് എത്തുന്നുണ്ട്. എന്നാൽ വിലക്കയറ്റം ഭയന്ന് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കയറ്റുമതിക്കാർ പുറത്തു വിടുന്നില്ല. കൊച്ചി തുറമുഖത്തെ ഒഴിവാക്കി മുംബൈ വഴിയാണ് ഷിപ്‌മെന്റുകൾ പലതും നടത്തുന്നത്. 
വയനാട്ടിൽ കാപ്പി വില വാരാന്ത്യം റെക്കോർഡിൽ. ഉണ്ട കാപ്പി വില 6300 രൂപയായും പരിപ്പ് 21,000 രൂപയായും കയറി. കാപ്പി കയറ്റുമതിയിൽ രാജ്യം കൈവരിച്ച റെക്കോർഡ് കുതിപ്പ് കർഷിക മേഖലയെ രോമാഞ്ചം കൊള്ളിച്ചു. മാർച്ചിൽ അവസാനിച്ച ഒരു വർഷം കാപ്പി കയറ്റുമതി പുതിയ തലങ്ങളിലേക്ക് ഉയർന്നു. 2022-23 കാലയളവിൽ കയറ്റുമതി വരുമാനം  18  ശതമാനം വർധിച്ച് 9033 കോടി രൂപയായി. തൊട്ട് മുൻ വർഷം ഇത് 7655 കോടി രൂപയായിരുന്നു. പിന്നിട്ട സാമ്പത്തിക വർഷം കാപ്പി കയറ്റുമതി 22 ശതമാനം ഉയർന്ന് 2.26 ലക്ഷം ടണ്ണിലെത്തി. 


കാലാവസ്ഥ വ്യതിയാനം കാപ്പി ഉൽപാദനത്തെ ബാധിച്ചതിനാൽ ഈ വർഷം കയറ്റുമതി പ്രതീക്ഷക്ക് ഉയരാൻ ക്ലേശിക്കേണ്ടി വരും. കേരളത്തിലും കർണാടകയിലും വിളവെടുപ്പിൽ ഉൽപാദകരുടെ പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല. രാജ്യാന്തര കാപ്പി അവധി വ്യാപാരത്തിൽ  ഇടപാടുകാർ വിൽപനകൾ തിരിച്ചു പിടിക്കാൻ ഉത്സാഹിച്ചത് ബ്രസീലിയൻ കാപ്പി വില ഉയർത്തി. ബ്രസീലിയൻ നാണയമായ റിയാലിന്റെ മൂല്യത്തിലെ ചാഞ്ചാട്ടവും അറബിക്ക കാപ്പി ചൂടുപിടിക്കാൻ കാരണമായി. ഇന്തോനേഷ്യയുടെ കാപ്പി  ഉൽപാദനം ഇരുപത് ശതമാനം കുറയുമെന്നാണ് വിലയിരുത്തൽ. ഗ്വാട്ടിമല, കൊളംബിയ കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള സൂചനകളും വിലക്കയറ്റത്തിന്റേതാണ്. 


റബർ സ്‌റ്റോക്കിസ്റ്റുകൾ ടയർ നിർമാതാക്കളുടെ നീക്കങ്ങളെ ഉറ്റുനോക്കുന്നു, വേനൽ മഴയ്ക്ക് കരുത്ത് കുറഞ്ഞതിനാൽ കാലവർഷത്തിന് മുൻപ് ടാപിങ് പുനരാരംഭിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു. അതുകൊണ്ട് തന്നെ വൻകിട തോട്ടങ്ങൾ കൈവശമുള്ള ഷീറ്റ് പരമാവധി ഉയർന്ന വിലയ്ക്ക് വേണ്ടി പിടിമുറുക്കാം. നാലാം ഗ്രേഡ് കിലോ 150-151 രൂപയിൽ വ്യാപാരം നടന്നു. 
കനത്ത വരൾച്ചക്ക് ഇടയിൽ ഹൈറേഞ്ച് മേഖലയിൽ വേനൽ മഴയുടെ ചെറുസാന്നിധ്യം ചുട്ട് പൊള്ളിനിന്ന ഏലത്തോട്ടങ്ങൾക്ക് അൽപം ആശ്വാസമായി. കാലാവസ്ഥയിലെ ചെറിയ മാറ്റം സീസണിന് അവസരം ഒരുക്കുമെന്ന് ഒരു വിഭാഗം. ലേലത്തിൽ ചരക്ക് വരവിൽ കാര്യമായ വ്യതിയനാമില്ലെങ്കിലും വില ഉയർത്താൻ ഇടപാടുകാർ തയാറായില്ല. വാരാവസാനം തേക്കടിയിൽ നടന്ന ലേലത്തിൽ മികച്ചയിനം ഏലം കിലോ 2482 ലും ശരാശരി ഇനങ്ങൾ 1471 രൂപയിലുമാണ്. 


കുരുമുളകിന് ആഭ്യന്തര ആവശ്യക്കാർ കുറഞ്ഞത് വിലയിൽ നേരിയ ചാഞ്ചാട്ടമുളവാക്കി. ഉൽപാദന മേഖലയിൽ നിന്നുള്ള വരവ് കുറഞ്ഞ സാഹചര്യത്തിൽ വിപണി സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കുന്നതോടെ ഓഫ് സീസണിലെ വിലക്കയറ്റത്തിനുള്ള നീക്കം പ്രതീക്ഷിക്കാം. ഗാർബിൾഡ് കുരുമുളക് വില 507 രൂപ. അന്താരാഷ്ട്ര മാർക്കറ്റ് നിരക്ക് 6300 ഡോളർ. 
റെക്കോർഡ് പ്രകടനങ്ങൾക്ക് ശേഷം ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില നേരിയ തോതിൽ കുറഞ്ഞു. പവൻ 44,000 രൂപയിൽ നിന്നും മുൻ റെക്കോർഡായ 44,240 ലേക്ക് പ്രതിരോധം തകർത്ത് 45,000 രൂപയിൽ വിപണനം നടന്ന ശേഷം വാരാവസാനം പവൻ 44,640 രൂപയിലാണ്. 

Latest News