പുതുച്ചേരി- എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം നടക്കുന്നതിനിടെ പുതുച്ചേരി എയര്പോര്ടിലെ വിഐപി ലോഞ്ചില്‍ കൊടും വിഷമുള്ള പാമ്പ് കയറി. യോഗം നടക്കുന്നതിനിടെ ഇരിപ്പിടത്തിനിടയിലൂടെ ഇഴഞ്ഞു നീങ്ങിയ ആറടിയോളം നീളമുള്ള പാമ്പിനെ എയര്‍പോര്‍ട്സ് അതോറിറ്റി ചെയര്മാന് ഗുരുപ്രസാദ് മോഹപത്രയാണ് ആദ്യം കണ്ടത്. ഉടന്‍ മറ്റു ഉദ്യോഗസ്ഥരെ വിവമറിയിച്ച് മോഹപത്രയടക്കം എല്ലാവുരം മുറിക്കു പുറത്തേക്കോടി. പിന്നീട് ഒരു ജോലിക്കാരിയെത്തി മോപ്പ് ഉപയോഗിച്ച് പാമ്പിനെ മുറിക്കു പുറത്തേക്ക് ആട്ടിയോടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇവരുടെ സഹായത്തിനെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പ് വിഷം കൂടിയ ഇനമായ അണലിയാണെന്ന് തിരിച്ചറിഞ്ഞു. പാമ്പിനെ വനം വകുപ്പിനു കൈമാറി. വിമാനത്താവളത്തിനടുത്ത കാട്ടില്‍ നിന്ന് ഇഴഞ്ഞെത്തിയതാണെന്ന് സംശയിക്കപ്പെടുന്നു. പാമ്പിനെ പിടികൂടിയ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് കോണ്‍സ്റ്റബിള്‍ ഡി തിയാഗോവിനു സംസ്ഥാന പോലീസ് മേധാവി കാശ് അവാര്‍ഡ് നല്കി.