Sorry, you need to enable JavaScript to visit this website.

കോവിഡ് കേസുകള്‍ ആറായിരം കടന്നു, കൂടുതല്‍ കേരളത്തില്‍

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആറായിരം കടന്നു. വെള്ളിയാഴ്ച 6,050 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കേരളത്തിലാണ്. 9,422 കോവിഡ് കേസുകളാണ് കേരളത്തില്‍ ആകെയുള്ളത്.
സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുത്ത ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ പരിശോധനയും വാക്സിനേഷനും വര്‍ധിപ്പിക്കാനും ആശുപത്രി സൗകര്യങ്ങള്‍ തയാറാക്കാനും അദ്ദേഹം നിര്‍ദേശിച്ചു. പോസിറ്റീവ് കേസുകളുടെ ജനിതക പരിശോധന വര്‍ധിപ്പിക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് പ്രതിദിനരോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 14 പേര്‍ കൂടി മരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 3.39 ശതമാനമായും പ്രതിവാര നിരക്ക് 3.02 ശതമാനമായും തുടരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച കാജ്യത്താകെ 1,78,533 പരിശോധനകളാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,334 ഡോസ് വാക്സിന്‍ വിതരണം നടന്നു.

 

 

Latest News