ഔറംഗബാദ്- വിദ്വേഷ പ്രസംഗ വീരനും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവും തെലങ്കാന എം.എല്‍.എയുമായ ടി.രാജ സിംഗിന്റെ റാലിക്കെതിരെ മുസ്ലിം യുവാക്കളെ ഇളക്കിവിട്ടെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച നന്ദേഡിലെ ബിലോളിയില്‍ റാലി നടത്തുമെന്നാണ് വിവാദ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുസ്ലിം സമുദായത്തെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തില്‍ അറസ്റ്റ് ചെയ്ത സുലൈമാന്‍ അഹമ്മദ് ശൈഖ് എന്ന 50 കാരനെ പ്രാദേശിക കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി പോലീസ് പറഞ്ഞു. മാര്‍ച്ച് 24 ന് ബിലോളിയിലെ ഒരു സ്വകാര്യ ഹാളില്‍ നടന്ന യോഗത്തില്‍ രാജാ സിംഗിന്റെ റാലിയെ എതിര്‍ക്കണമെന്ന് ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. റാലി പ്രദേശത്ത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് പറഞ്ഞായിരുന്നു ആഹ്വാനം. മുസ്ലിം യുവാക്കള്‍ പങ്കെടുത്ത യോഗത്തിന്റെ വീഡിയോ പിന്നീട് വൈറലായി. വീഡിയോ പരിശോധിച്ചതിന് ശേഷം പോലീസ് സ്വമേധയാ കേസെടുത്താണ് വ്യാഴാഴ്ച പുലര്‍ച്ചെ ശൈഖിനെ അറസ്റ്റ് ചെയ്തതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസില്‍ മറ്റൊരു പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ഏഴ് കേസുകളില്‍ പ്രതിയായ ശൈഖ് സ്ഥിരം കുറ്റവാളിയാണെന്ന് ബിലോലി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അനന്ത് ബറുഡെ പറഞ്ഞു.
ഇസ്‌ലാമിനും മുഹമ്മദ് നബിക്കുമെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ 2022 ഓഗസ്റ്റിലാണ് ബി.ജെ.പി ടി. രാജ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തെലങ്കാന പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യം നേടി. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലെ ഗോഷാമഹലിനെയാണ് സിംഗ് പ്രതിനിധീകരിക്കുന്നത്. വര്‍ഗീയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതുള്‍പ്പെടെ ഹൈദരാബാദില്‍ നിരവധി പോലീസ് കേസുകള്‍ ഇയാള്‍ നേരിടുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)