ബെയ്‌റൂത്ത്- ജറൂസലമിലെ അല്‍അഖ്‌സ മസ്ജിദിന് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന് മുന്നില്‍ ഫലസ്തീനികള്‍ കൈയും കെട്ടി നോക്കി ഇരിക്കില്ലെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ പറഞ്ഞു.
ലെബനോനില്‍നിന്ന് വടക്കന്‍ ഇസ്രായിലില്‍ റോക്കറ്റ് ആക്രമണം നടത്തിയതിന് ഫലസ്തീന്‍ പോരാളികളെ ഇസ്രായേല്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെ ബെയ്‌റൂത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോക്കറ്റക്രമണത്തിന് സൈനിക മറുപടിയുണ്ടാകുമെന്ന് ഇസ്രായില്‍ ഭീഷണിപ്പെടുത്തിയിരിക്കെ ലെബനോന്‍ തലസ്ഥാനത്ത് എത്തിയ ഹനിയ മറ്റ് പലസ്തീന്‍ സംഘടനകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.
അല്‍അഖ്‌സയ്‌ക്കെതിരായ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തിന് മുന്നില്‍ ഫലസ്തീന്‍ ജനതയും പ്രതിരോധ ഗ്രൂപ്പുകളും വെറുതെ ഇരിക്കില്ലെന്ന് യോഗത്തിന് ശേഷം ഹനിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്‌ലാമിന്റെ മൂന്നാമത്തെ പുണ്യസ്ഥലമായ മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായില്‍ പോലീസും ഫലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, ജൂത പെസഹാ അവധി ദിനത്തില്‍ ലെബനോനില്‍ നിന്ന് 34 റോക്കറ്റുകള്‍ തൊടുത്തതായി ഇസ്രായില്‍ ആരോപിച്ചു.