ഇന്‍ഡോര്‍-നാണയത്തുട്ടുകള്‍ പോലുള്ള വസ്തുക്കള്‍ അറിയാതെ വിഴുങ്ങുന്ന സംഭവങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഒരു യുവതി മൊബൈല്‍ ഫോണ്‍ വിഴുങ്ങിയ അസാധാരണമായ സംഭവമാണ് മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുത്തു.
സഹോദരനുമായി വഴക്കിട്ട 18 കാരി മൊബൈല്‍ ഫോണ്‍ വിഴുങ്ങുകയായിരുന്നു. ഫോണ്‍ വിഴുങ്ങിയ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടു തുടങ്ങി. വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. നില വഷളായതോടെ ഗ്വാളിയോറിലേക്ക് റഫര്‍ ചെയ്തു. പെണ്‍കുട്ടിയെ അള്‍ട്രാസൗണ്ടിനും മറ്റ് പരിശോധനകള്‍ക്കും വിധേയമാക്കി മൊബൈല്‍ ഫോണിന്റെ സ്ഥാനം കണ്ടെത്തി. ഗ്വാളിയോറിലെ ജില്ലാ ആശുപത്രിയിലെ സര്‍ജറി വിഭാഗം എച്ച്ഒഡി ഡോ.പ്രശാന്ത് ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം ഓപ്പറേഷന് നടത്തി പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായും തൊണ്ടയിലൂടെ ഇത്രയും വലിയ വസ്തു ആമാശയത്തിലെത്തുന്നത് ഇതാദ്യമാണെന്നും ഡോ. ധാക്കദ് പ്രതികരിച്ചു.