ഹൈദരാബാദ്- ഹനുമാന്‍ ജയന്തി ശോഭായാത്രയില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ വിദ്വേഷ പ്രസംഗത്തിലൂടെ വിവാദം സൃഷ്ടിക്കാറുള്ള ടി. രാജാ സിംഗ് എം.എല്‍.എയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ബി.ജെ.പി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്ന ഗോഷാമഹല്‍ എം.എല്‍.എയെ മുന്‍കരുതലായാണ് മംഗല്‍ഹട്ട് പോലീസ് കമ്മീഷണറുടെ ദൗത്യസേന കസ്റ്റഡിയിലെടുത്തത്.
രാജാ സിംഗിന്റെ വീട്ടിലെത്തിയാണ് മംഗര്‍ഹട്ട് പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ എന്‍.രവികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പോലീസ് വാഹനത്തിലേക്ക് കയറ്റിയ അദ്ദേഹത്തെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഏതു സ്‌റ്റേഷനിലാണുള്ളതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഹനുമാന്‍ ജയന്തി റാലിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് തന്നെ തടയാന്‍ പോലീസ് അറസ്റ്റ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കസ്റ്റിഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ രാജാ സിംഗ് പറഞ്ഞിരുന്നു.
ഹനുമാന്‍ ജയന്തിക്ക് ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്. എന്റെ മണ്ഡലത്തിലെ ഗൗളിഗുഡ ക്ഷേത്രത്തില്‍നിന്നാണ് ഹനുമാന്‍ ജയന്തി ഘോഷയാത്ര ആരംഭിക്കുന്നത്. ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ് മൂദ് അലിയുമായിരിക്കും ഉത്തരവാദികള്‍- എം.എല്‍.എ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കസ്റ്റഡിയെലടുക്കാനെത്തിയ പോലീസുകാരോട് രാജാസിംഗ് തര്‍ക്കിച്ചുവെങ്കിലും എസ്.എച്ച്.ഒ രവികുമാര്‍ അനുനയിപ്പിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു.
രാമനവമി വേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഹുനുമാന്‍ ജയന്തി ദിവസം ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)