Sorry, you need to enable JavaScript to visit this website.

കോക്പിറ്റില്‍ സീറ്റിനടിയില്‍ വിഷസര്‍പ്പം; ഹീറോ ആയി പൈലറ്റ്

ജോഹന്നസ്ബര്‍ഗ്-വിഷ സര്‍പ്പത്തിനു മുകളിലാണ് ഇരിക്കുന്നതെന്നറിഞ്ഞിട്ടും മനസ്സാന്നിധ്യം വിടാതെ സുരക്ഷിതമായി വിമാനം തിരിച്ചിറക്കിയ പൈലറ്റിന്റെ ധൈര്യത്തെ വാഴ്ത്തി യാത്രക്കാരും സോഷ്യല്‍ മീഡിയയും.
ദക്ഷിണാഫ്രിക്കയിലാണ്  വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റിന് ഈ അനുഭവം.  
ദക്ഷിണാഫ്രിക്കന്‍ പൈലറ്റായ റുഡോള്‍ഫ് ഇറാസ്മസാണ് പാമ്പിനു മുകളിലിരുന്ന് വിമാനം പറപ്പിച്ചത്. സ്വന്തം സീറ്റിനടിയില്‍ അദ്ദേഹം ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടെത്തുകയായിരുന്നു.  
ഷര്‍ട്ടിനടിയില്‍ ഇടുപ്പില്‍ ചെറിയ തണുപ്പ്  അനുഭവപ്പെട്ടുവെന്നാണ് പാമ്പിനെ കണ്ടെത്തിയതിനെ കുറിച്ച് പൈലറ്റ് പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ വെസ്‌റ്റേണ്‍ കേപ്പില്‍ നിന്ന് വടക്കുകിഴക്കന്‍ പട്ടണമായ നെല്‍സ്പ്രൂട്ടിലേക്ക് പോകുകയായിരുന്നു സ്വകാര്യ വിമാനം.
ഇടതുവശത്തേക്ക് തിരിഞ്ഞ് താഴേക്ക് നോക്കിയപ്പോള്‍ പാമ്പിന്റെ തല സീറ്റിനടിയില്‍ പിന്നോട്ട് തിരിഞ്ഞ് കാണാമായിരുന്നു. ഒരു നിമിഷം സ്തംഭിച്ചുപോയി. ചെറുവിമാനം തിരിച്ചുവിട്ട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തീരുമാനിച്ചു.
എന്താണ് സംഭവിച്ചതെന്ന് ാത്രക്കാരെ അറിയിച്ചപ്പോള്‍ എല്ലാവരും ശാന്തരായി സഹകരിച്ചുവെന്ന് പൈലറ്റ് ഇറാസ്മസ് പറഞ്ഞു. അനങ്ങാതെ കിടന്ന് പാമ്പും സഹകരിച്ചുവെന്ന് വേണം കരുതാന്‍.
കടിയേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം ഉറപ്പായ കേപ് കോബ്രയാണ് സീറ്റിനടിയില്‍ ഉണ്ടായിരുന്നത്. തന്റെ  ചിന്ത മുഴുവന്‍ യാത്രക്കാരെക്കുറിച്ചുമായിരുന്നുവെന്ന് ഇറാസ്മസ് പറയുന്നു. പാമ്പ് എന്തുചെയ്യുമെന്നാണ് ആലോചിച്ചത്. ഭാഗ്യവശാല്‍ അത് ഒന്നും ചെയ്യാതെ അനങ്ങാതെ കിടന്നു. അല്ലാത്തപക്ഷം മുഴുവന്‍ സാഹചര്യവും മാറുമായിരുന്നു-അദ്ദേഹം പറഞ്ഞു.
2006ല്‍ പുറത്തിറങ്ങിയ സ്‌നേക്ക്‌സ് ഓണ്‍ എ പ്ലെയിന്‍ എന്ന ചിത്രവുമായാണ് ആളുകള്‍ ഈ സംഭവത്തെ താരതമ്യം ചെയ്യുന്നത്. സാമുവല്‍ എല്‍. ജാക്‌സണ്‍ അവതരിപ്പിച്ച എഫ്ബിഐ ഏജന്റ് താന്‍ സഞ്ചരിച്ച വിമാനം വിഷപ്പാമ്പുകളാല്‍ നിറഞ്ഞതാണെന്ന് കണ്ടെത്തിയതായിരുന്നു സിനിമ. ദക്ഷിണാഫ്രിക്കന്‍ സിവില്‍ ഏവിയേഷന്‍ കമ്മീഷണര്‍ പോപ്പി ഖോസ പൈലറ്റ് ഇറാസ്മസിനെ പ്രശംസിച്ചു. മനസ്സാന്നിധ്യത്തോടെ സാഹചര്യത്തെ നേരിട്ട് എല്ലാ യാത്രക്കാരെയും സുരക്ഷിതരാക്കിയ ഇറാസ്മസ്  ശരിക്കും ഹീറോ ആണെന്ന് അദ്ദേഹം പറഞ്ഞു.  
എന്നാല്‍ വിമാനം ഇറങ്ങിയതിന് ശേഷം പാമ്പിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്വന്തം ഇഷ്ടത്തിന് വിമാനം കയറിയ അത് സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപ്പോയി.

 

Latest News