കോഴിക്കോട്- ആതിരയുടെ മകള്‍ അഞ്ജലി എന്ന ചിത്രവുമായി നാലുവര്‍ഷത്തിനുശേഷം സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. നൂറിലേറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിലെ നായകനും സന്തോഷ് പണ്ഡിറ്റ് തന്നെ. ഗാനചിത്രീകരണം കേരളത്തിനു പുറത്തായിരിക്കും. 2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം. സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്തിട്ടുണ്ട്. ചിത്രങ്ങളുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് കൈകാര്യം ചെയ്തു. 2019 ല്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ ആണ് സന്തോഷ് പണ്ഡിറ്റ് നായകനായും സംവിധായകനായും അവസാനം പുറത്തിറങ്ങിയ ചിത്രം.