പെരുന്നാൾ രാവ്..മനസ്സിന്നുള്ളിൽ സന്തോഷത്തിൻെറ ലഡു പൊട്ടുന്ന രാവ്..പുതിയ ഷർട്ടും മുണ്ടും ധരിക്കാം ഇറച്ചിക്കറിയും മറ്റും കൂട്ടി കുശാലായി ഭക്ഷണം കഴിക്കാം ഊഞ്ഞാലാടാം -ഇതൊക്കെയാണ് പെരുന്നാളിന് സന്തോഷം നൽകുന്ന കാര്യങ്ങൾ. ചെട്ടിത്തെരുവിലെ ടൈലർ അബ്ദുല്ലക്കായുടെ കടയിൽ ഒരാഴ്ച മുമ്പ് തൈക്കാൻ കൊടുത്ത ഡ്രസുകൾ വാങ്ങിക്കൊണ്ടു വരലാണ് ആദ്യ പണി. ചെറിയ പെരുന്നാളിനാണ് പുതിയ വസ്ത്രങ്ങൾ എടുക്കുക. പെരുന്നാൾ കഴിഞ്ഞാൽ അത് കഴുകി മടക്കി പെട്ടിയിൽ വെക്കും. വലിയ പെരുന്നാളോടു കൂടി മാത്രമേ അഡ്രസ്സുകളുടെ പതിവായ ഉപയോഗം പ്രാബല്യത്തിൽ ആകുകയുള്ളു. ഡ്രസുകൾ വാങ്ങി വീട്ടിൽ കൊണ്ടു വെച്ചിട്ട് നേരെ പള്ളിയിൽ പോയി കുറെ നേരം മറ്റ് കുട്ടികളോടൊപ്പം തക്ബീർ ചൊല്ലൽ. അത് കഴിഞ്ഞാൽ വീട്ടിലെത്തി അയൽപക്കങ്ങളിലെ കുട്ടികളുമൊത്ത് പടക്കം പൊട്ടിച്ചും പൂത്തിരിയും മെത്താപ്പൂവും കത്തിച്ചു കളിക്കൽ. ഇതേ സമയം പെങ്ങളും അയൽപക്കങ്ങളിലെ പെൺകുട്ടികളും ഒത്തു ചേർന്ന് വേലിയെതക്കൽ നിന്ന് മൈലാഞ്ചി പറിച്ചെടുത്ത് അമ്മിയിലിട്ടരച്ച് രണ്ടു കൈവെള്ളകളിലും തേച്ചു പിടിപ്പിച്ച് കൈകൾ ചുവപ്പിക്കുന്ന ബഹളത്തിലായിരിക്കും. ഉമ്മ അടുക്കളയിൽ ഇഞ്ചിക്കറിയും കായ വറുത്തതും ഉണ്ടാക്കുന്ന തിരക്കിലും.
കുറച്ചു നേരം ഉറക്കം.. അതിരാവിലെ എഴുന്നേറ്റ് തൊട്ടടുത്തുള്ള കുളത്തിൽ പോയി വിസ്തരിച്ചൊരു കുളി പാസാക്കും. ഇന്നത്തെ പോലെ വീടിനകത്ത് കുളിമുറിയൊന്നും അന്നില്ലായിരുന്നു. വീടിന്റെ പരിസരങ്ങളിൽ അന്ന് ഒരു പാട് കുളങ്ങൾ ഉണ്ടായിരുന്നു. ചിലതൊക്കെ ഇന്നും ശേഷിക്കുന്നു. ചില കുളങ്ങൾ നികത്തി വീടുകൾ വെച്ചു. കുളിക്കാൻ ഓടുമ്പോൾ പെരുന്നാൾ കുളിക്കുന്നു എന്ന് നെയ്യത്ത് വെക്കണെ മോനെ എന്ന് ഉമ്മ വിളിച്ചു പറയുന്നത് കേൾക്കാം. കുളി കഴിഞ്ഞ് വന്ന് ചായ കുടിയും കഴിഞ്ഞു പള്ളിനടയിൽ പോയി പോത്തിറച്ചി വാങ്ങിക്കൊണ്ടു വന്നിട്ട് വേണം പുതിയ ഷർട്ടും മുണ്ടും ധരിച്ച് പള്ളിയിൽ പോകാൻ. അപ്പോഴേക്കും പള്ളിയിൽ തക്ബീർ ചൊല്ലൽ തുടങ്ങിയിരിക്കും. അകത്തെ പള്ളിയിൽ മൈക്കിന് ചുറ്റുമിരുന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ തക്ബീർ ചൊല്ലുന്ന കുട്ടികളുടേയും കാരണവന്മാരുടേയും കൂട്ടത്തിൽ ഇരുന്നു തക്ബീർ ചൊല്ലും. പെരുന്നാൾ നിസ്‌കാരം കഴിഞ്ഞാൽ അടുത്തുള്ള ബന്ധു വീടുകളിലും അയൽ പക്കങ്ങളിലും ഒരു കറക്കം. കൈയിൽ എന്തെങ്കിലും ചില്ലറത്തുട്ടുകൾ തടയാൻ ആ കറക്കം ഉപകരിക്കും.
ഇറച്ചിക്കറിയും ഇഞ്ചിക്കറിയും കായ വറുത്തതും പപ്പടവും കൂട്ടിയുള്ള പെരുന്നാൾ സദ്യ കഴിഞ്ഞാൽ ഊഞ്ഞാലാടാൻ നേരെ സ്‌കൂൾ പരിസരത്തേക്ക് ഒരു ഓട്ടമാണ്. പെരുന്നാളിന് മാത്രം സ്‌പെഷ്യലായി സ്ഥാപിക്കപ്പെടുന്ന കൈ കൊണ്ട് തള്ളി കറക്കുന്ന നാല് തൊട്ടിലുകളുള്ള ഊഞ്ഞാലുണ്ടാകും അവിടെ. സ്‌കൂളിന് പരിസരത്ത് താമസിക്കുന്ന മൂസക്കയാണ് ആ ഊഞ്ഞാലിന്റെ ഉടമസ്ഥൻ.
അതിൽ കയറി ആടലാണ് പെരുന്നാളിന്റെ പ്രധാന ആഘോഷം. ഒരു തൊട്ടിയിൽ എട്ടോ പത്തോ കുട്ടികൾ.. ഇരുപത്തി അഞ്ചു പൈസ.. ഇരുപത്തി അഞ്ചു റൗണ്ട്.. ഈ ഊഞ്ഞാൽ പെരുന്നാൾ ദിവസത്തിന് ശേഷവും ഒരാഴ്ചയോളം ഉണ്ടാകും. കുറെ പെരുന്നാളുകൾ ഊഞ്ഞാലാടി ആഘോഷിച്ചിരുന്നു. പിന്നീട് എപ്പോഴോ മൂസക്കയും ഊഞ്ഞാലും വിസ്മൃതിയിലായി.
സന്ധ്യ മയങ്ങുന്നത് വരെ ഊഞ്ഞാലിന് ചുറ്റും കറങ്ങി തിരിഞ്ഞങ്ങനെ നിൽക്കും. കൈയിലുള്ള നാണയത്തുട്ടുകൾ തീരുന്നത് വരെ ഊഞ്ഞാലാടും. അത് കഴിഞ്ഞാൽ വീട്ടിലേക്ക്.
അപ്പോൾ പെരുന്നാൾ സന്തോഷങ്ങൾ പങ്ക് വെക്കാൻ വീട്ടിൽ ഒത്തുകൂടിയ അയൽപക്കങ്ങളിലെ പെണ്ണുങ്ങൾ പെരുന്നാൾ പ്രമാണിച്ചുള്ള കൈകൊട്ടിക്കളിയും കളി തമാശകളുമൊക്കെ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നുണ്ടാകും.