Sorry, you need to enable JavaScript to visit this website.

ഇഅ്തികാഫിനിടെ പള്ളിയിൽ കയറിയ സൈന്യം നടത്തിയത് വലിയ അതിക്രമം; 500 പേർ അറസ്റ്റിൽ

ജറൂസലം- ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചു കയറിയ ഇസ്രായില്‍ സൈന്യം 400 ലേറെ ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്‌സ് അഫയേഴ്‌സ് കമ്മീഷന്‍ അറിയിച്ചു. അറസ്റ്റിലായവരുടെ കൂട്ടത്തില്‍ പരിക്കേറ്റവരുമുണ്ട്. പള്ളിയില്‍ ഇസ്രായില്‍ സൈന്യം അതിക്രമിച്ചു കയറുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. പള്ളിയില്‍ ഭജനമിരിക്കുന്നവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നിറയൊഴിക്കുകയും കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ചെയ്തു. ചിലരെ ഇസ്രായില്‍ സൈന്യം ക്രൂരമായി മര്‍ദിച്ചതായും ഫലസ്തീന്‍ പ്രിസണേഴ്‌സ് അഫയേഴ്‌സ് കമ്മീഷന്‍ പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കാന്‍ മെഡിക്കല്‍ സംഘങ്ങള്‍ മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നത് ഇസ്രായില്‍ സൈന്യം തടഞ്ഞു. ആംബുലന്‍സുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത സൈന്യം മെഡിക്കല്‍ സംഘങ്ങളെയും ആക്രമിച്ചു. മസ്ജിദുല്‍ അഖ്‌സയില്‍ നിന്ന് വിശ്വാസികളെയും ഭജനമിരിക്കുന്നവരെയും ഇസ്രായില്‍ സൈന്യം ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷം സൈന്യത്തിന്റെ ശക്തമായ കാവലില്‍ ബുധനാഴ്ച സുബ്ഹി നമസ്‌കാരത്തിനു ശേഷം ജൂത കുടിയേറ്റക്കാര്‍ മസ്ജിദുല്‍ അഖ്‌സ മുറ്റങ്ങളില്‍ അതിക്രമിച്ചു കയറി. ഇതേസമയത്ത്, നിരവധി ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി തറാവീഹ് നമസ്‌കാരത്തിനിടെയാണ് ഭജനമിരിക്കുന്നവരെ പുറത്താക്കാന്‍ വേണ്ടി ഇസ്രായില്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയിലും സമീപത്ത് മസ്ജിദുല്‍ അഖ്‌സയുടെ ഭാഗമായ അല്‍ഖിബലി മസ്ജിദിലും അതിക്രമിച്ചു കയറിയത്. അല്‍ഖിബലി മസ്ജിദിനകത്തേക്ക് ഇസ്രായില്‍ സൈന്യം സൗണ്ട് ബോംബുകള്‍ എറിയുകയും വൈദ്യുതി വിച്ഛേദിക്കുകയും മെഡിക്കല്‍ ക്ലിനിക്കിന്റെ ഡോര്‍ തകര്‍ക്കുകയും ചെയ്തു. മസ്ജിദിന്റെ ടെറസ്സില്‍ കയറിയ ഇസ്രായില്‍ സൈന്യം ഏതാനും ജനലുകള്‍ തകര്‍ത്തു.
ഈ സമയം പള്ളിക്കകത്തുണ്ടായിരുന്ന വിശ്വാസികള്‍ വാതിലുകള്‍ അകത്തു നിന്ന് അടക്കുകയും മസ്ജിദിനകത്തു നിന്ന് പുറത്തുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇതിനു മുമ്പ് ജറൂസലമിലെ അല്‍ആമൂദ് ഗെയ്റ്റിനു സമീപം വെച്ച് ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം ആക്രമിച്ചിരുന്നു. ഇസ്രായില്‍ ആക്രമണങ്ങളെ അപലപിച്ച് വെസ്റ്റ് ബാങ്ക് നഗരങ്ങളില്‍ ഫലസ്തീനികള്‍ പ്രകടനങ്ങള്‍ നടത്തി. മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഫലസ്തീനികള്‍ പിന്നീട് അല്‍അസ്ബാത്ത് ഗെയ്റ്റിനു സമീപം സുബ്ഹി നമസ്‌കാരം നിര്‍വഹിച്ചു.
ജറൂസലം സംഭവവികാസങ്ങള്‍ക്കുള്ള തിരിച്ചടിയെന്നോണം ബുധനാഴ്ച പുലര്‍ച്ചെ ഗാസയില്‍ നിന്ന് ഇസ്രായില്‍ ലക്ഷ്യമിട്ട് പത്തു മിസൈലുകള്‍ തൊടുത്തു. ഇതില്‍ ഭൂരിഭാഗവും ഇസ്രായില്‍ പ്രതിരോധ കവചം തകര്‍ത്തു. ഇതിനു പിന്നാലെ ദക്ഷിണ ഗാസയില്‍ ഫലസ്തീനി ചെറുത്തുനില്‍പ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ യുദ്ധവിമാനങ്ങള്‍ ആക്രമണങ്ങള്‍ നടത്തി. മസ്ജിദുല്‍ അഖ്‌സക്കെതിരായ ഇസ്രായില്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് അശ്തയ്യ ആവശ്യപ്പെട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News