ബംഗളൂരു- ഹിന്ദു മതത്തെ രക്ഷിക്കാൻ വേണ്ടിയാണ് മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതെന്നും ആരെയാണ് കൊല്ലേണ്ടതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും കേസിലെ മുഖ്യപ്രതി പരശുറാം. പോലീസിന് നൽകിയ മൊഴിയിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. 2017-മെയിലാണ് ചിലർ കൃത്യം ചെയ്യാനായി തന്നെ ഏൽപ്പിച്ചത്. ഹിന്ദുമതത്തെ രക്ഷിക്കാനായി ഒരു കൊലപാതകം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൊല നടത്തിയ ശേഷമാണ് അത് ഒരു സ്ത്രീയാണെന്നും ഗൗരി ലങ്കേഷ് ആണെന്നും മനസിലായത്. അവരെ കൊല്ലരുതായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്. സെപ്തംബർ മൂന്നിനാണ്് തന്നെ ബംഗളൂരുവിൽ എത്തിച്ചത്. തുടർന്ന് കൊലക്കുള്ള പരിശീലനം നൽകി. ബംഗളൂരുവിലെത്തി മുറിയെടുത്ത ശേഷം ഒരാൾ ബൈക്കിലെത്തിയ ഒരാൾ കൊല നടത്തേണ്ട വീട് കാണിച്ചുതന്നു. രണ്ടു ദിവസത്തിന് ശേഷം വൈകിട്ട് ഗൗരി ലങ്കേഷിന്റെ വീടിന് മുന്നിലെത്തിക്കുകയായിരുന്നു. ഗൗരി ലങ്കേഷ് വീടിന് മുന്നിലെത്തിയ സമയത്ത് തന്നെയാണ് ഞങ്ങളും അവിടെ എത്തിയത്. കാറിൽനിന്നിറങ്ങിയ അവർ ഞങ്ങളുടെ നേരെ നടന്നുവരികയായിരുന്നു. നാല് തവണ വെടിയുതിർത്തുവെന്നും കൊല നടത്തിയ ശേഷം അന്ന് രാത്രി തന്നെ നഗരം വിട്ടുവെന്നും പരശുറാം മൊഴി നൽകി. ഇയാളടക്കം മൂന്നു പേരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം.