ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം ഒമൈക്രോണ്‍ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ കേസുകള്‍ വര്‍ധിച്ചിരിക്കെ, ജാഗ്രത പാലിക്കേണ്ടതുണ്ടെങ്കിലും ആശങ്ക ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ, ഇന്ത്യയില്‍ 3,641 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 11 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് മരണസംഖ്യ 5,30,892 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ മൂന്ന് പേരും ദല്‍ഹി, കേരളം, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് 24 മണിക്കൂറിനിടെ മരിച്ചത്. കേരളത്തില്‍ വൈകി സ്ഥിരീകരിച്ചിരിക്കുന്ന നാല് മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തുടനീളം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.12 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 2.45 ശതമാനവുമാണ്.