കോഴിക്കോട് - കോഴിക്കോട്ട് ഓടുന്ന ട്രെയിനിന് തീ കൊളുത്തി മൂന്നു പേരുടെ ദാരുണാന്ത്യത്തിനും 9 പേർക്ക് പൊള്ളലേൽക്കാനും ഇടയാക്കിയ സംഭവത്തിൽ അന്വേഷണത്തിന് കേന്ദ്ര സംഘവും എത്തിയേക്കും. ട്രെയിൻ തീ വെപ്പിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് സംഭവത്തിന്റെ ആദ്യ 12 മണിക്കൂറുകൾ നൽകുന്ന സൂചനകൾ.
ട്രെയിനിലുണ്ടായ ആക്രമണം കേന്ദ്ര റെയിൽവേയും ആഭ്യന്തര മന്ത്രാലയവും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെക്കുറിച്ച് എൻ.ഐ.എ അന്വേഷണത്തിനുള്ള സാധ്യതയും ഏറെയാണ്. ട്രെയിനിലെ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും റെയിൽവേയും സംസ്ഥാനത്തോട് വിവരങ്ങൾ തേടിയിട്ടുണ്ട്. സംഭവം കേന്ദ്രസർക്കാർ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എം.പി പാരല്ലമെന്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള ഡി.ജി.പി അനിൽ കാന്ത് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒപ്പം സംഭവസ്ഥലം അടക്കം പരിശോധിച്ച് തുടർ നടപടികൾ വിലയിരുത്തും. സി.സി.ടി.വി അടക്കമുള്ളവ പരിശോധിച്ച് പ്രതിയെ പിടികൂടാൻ പഴുതടച്ച അന്വേഷണ സംവിധാനങ്ങളിലാണ് പോലീസ്. തെളിവെടുപ്പും പ്രതിക്കായുള്ള തിരച്ചിലുമായി ഊർജിത നടപടികളുമായി മുന്നോട്ടു പോകുകയാണ് പോലീസ്. അക്രമിയുടേതെന്ന് കരുതുന്ന ചില തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും ആധികാരിക സ്ഥിരീകരണമായിട്ടില്ല. എങ്കിലും ലഭ്യമായ ചില ദൃശ്യങ്ങളും തെളിവുകളുമെല്ലാം കേസ് അന്വേഷണത്തിൽ അതീവ നിർണായകമായേക്കുമെന്നാണ് കരുതുന്നത്. ആക്രമണത്തിന് പിന്നിൽ ഗൂഢമായ ലക്ഷ്യമുണ്ടെന്നു തന്നെയാണ് അന്വേഷണവൃത്തങ്ങൾ നൽകുന്ന സൂചന.
ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ ആത്മരക്ഷാർത്ഥം പുറത്തേക്ക് ചാടിയതിനിടയിൽ ജീവൻ പൊലിഞ്ഞ മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റർമോർട്ടം നടപടികൾക്കായി ഇന്നലെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശി റഹ്മത്ത് (45), സഹോദരിയുടെ പുത്രി ചാലിയം സ്വദേശി ജസീല-ശുഹൈബ് സഖാഫി ദമ്പതികളുടെ മകൾ രണ്ടര വയസുകാരി ഷഹ്‌റാമത്ത് എന്ന സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹമാണ് മെഡിക്കൽ കോളജിൽ പോസ്റ്റർമോർട്ടം നടപടികൾ കാത്തുകിടക്കുന്നത്. അവരുടെ ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെയുള്ളവർ മോർച്ചറി പരിസരത്തുണ്ട്.
തലയടിച്ച് വീണാണ് മൂന്നുപേരുടെയും മരണമെന്നാണ് പോലീസ് കരുതുന്നത്. പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായൊരു നിഗമനത്തിൽ എത്താനാവൂ.
രണ്ട് വയസുകാരി സഹറയുടെ ഉമ്മ കോഴിക്കോട്ട് പഠിക്കുകയാണ്. ബന്ധുവീട്ടിൽ നിന്നും നോമ്പു തുറക്കുശേഷം കുഞ്ഞുമായി മടങ്ങുകയായിരുന്നു സഹോദരി റഹ്മത്ത്. മരിച്ച നൗഫീഖ് മലപ്പുറം വാഴക്കാടിനടുത്ത ആക്കോട് നോമ്പ് തുറ കഴിഞ്ഞു മടങ്ങുകയായിരുന്നു. കോഴിക്കോട് നിന്നാണ് നൗഫീഖ് ട്രെയിൻ കയറിയതെന്നാണ് വിവരം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)