കോഴിക്കോട് : അക്രമി തീയിട്ടതിനെ തുടര്‍ന്ന് ഭയന്ന് വിറച്ച് ട്രെയിനിന്റെ കോച്ചില്‍ നിന്ന് പുറത്തേക്ക് ചാടിയ മൂന്ന് പേരും മരിച്ചത് തലക്കേറ്റ ഗുരുതര പരിക്ക് കാരണം. വേഗത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപടര്‍ന്നപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക ചാടിയ ഇവര്‍ ട്രാക്കില്‍ തലയിടിച്ചു വീഴുകയായിരുന്നുവെന്നാണ് മൃതദേഹ പരിശോധനയില്‍ തെളിഞ്ഞത്. മണിക്കൂറുകള്‍ക്ക് ശേഷം കടന്നു പോയ മറ്റൊരു ട്രെയിനിലെ എഞ്ചിന്‍ ഡ്രൈവറാണ് മൂന്ന് മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതായി റെയില്‍വേ അധികൃതരെ അറിയിച്ചത്. ഇന്നലെ രാത്രി എലത്തൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലുണ്ടായ തീവെപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി ബദ്‌റിയ മന്‍സിലില്‍ റഹ്‌മത്ത് (45) ഇവരുടെ സഹോദരി ജസീലയുടെ രണ്ടര വയസ്സുകാരിയായ മകള്‍ സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്. സഹറയെയുമെടുത്താണ് റഹമ്ത്ത് പുറത്തേക്ക് ചാടിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നൗഫീഖ് നോമ്പ് തുറയില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തീപ്പിടുത്തമുണ്ടായ കോച്ചില്‍ നിന്ന് ഒരു അമ്മയും കുഞ്ഞും പുറത്തേക്ക് ചാടിയതായി സഹയാത്രികര്‍ റെയില്‍വേ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വെറും സംശയം മാത്രമാണെന്ന് കരുതി റെയില്‍വേ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ല. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് മൂന്ന് പേരുടെയും മൃതദേഹം കമ്‌ടെത്തുന്നത്.