നവാഡ-ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ കലാപമുണ്ടാക്കിയവരെ തലകീഴായി കെട്ടിത്തൂക്കി പാഠം പഠിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ബിഹാറിലെ നവാഡ ജില്ലയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍, ബിഹാര്‍ ശരീഫില്‍ നിന്നും നളന്ദ ജില്ലാ ആസ്ഥാനമായ സസാറമില്‍നിന്നും ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ നിരവധി ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിഹാര്‍ ശരീഫിലുണ്ടായ അക്രമത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ച്ച് 30ന് രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
അക്രമത്തില്‍ സംസ്ഥാനം മുഴുവന്‍ ആശങ്കയിലാണെന്ന് അമിത് ഷാ ഞായറാഴ്ച പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 40ല്‍ 40 സീറ്റുമായി തങ്ങള്‍ക്ക് പൂര്‍ണ ഭൂരിപക്ഷം നല്‍കണമെന്നും 2025ല്‍ സംസ്ഥാനത്ത്ബിജെപി സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. ബിജെപി ഈ കലാപകാരികളെ തലകീഴായി തൂക്കി നേരെയാക്കും. ബിജെപി പ്രീണനത്തിലോ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലോ ഇടപെടുന്നില്ലെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു.