ലഖ്‌നൗ- വര്‍ഷം തെറ്റായി രേഖപ്പെടുത്തി ഇന്ത്യന്‍ റെയില്‍ നല്‍കിയ ടിക്കറ്റുമായി യാത്ര ചെയ്യുന്നതിനിടെ ട്രെയ്‌നില്‍ നിന്നും ടിക്കറ്റ് എക്‌സാമിനര്‍ അപമാനിച്ച് ഇറക്കിവിട്ട യാത്രക്കാരന് 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്. സഹാറന്‍പൂരിലെ വിരമിച്ച കോളെജ് അധ്യാപകനായ വിഷ്ണു കാന്ത് ശുക്ല(73)യെ ആണ് തെറ്റായി റെയില്‍ പിഴചുമത്തി അപമാനിച്ചത്. 2013 നവംബര്‍ 19-ന് സഹാറന്‍പൂര്‍-ഹിമഗിരി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെയാണ് സംഭവം. റെയില്‍വെ നല്‍കിയ ടിക്കറ്റിലെ രേഖപ്പെടുത്തിയ വര്‍ഷം 3013 ആയിരുന്നു. ഇതു കണ്ട ടിക്കറ്റ് എക്‌സാമിനര്‍ വ്യാജ ടിക്കറ്റാണന്നാരോപിച്ച് ശുക്ലയ്ക്ക് 800 രൂപ പിഴയിടുകയും ഇറക്കി വിടുകയും ചെയ്തു. എന്നാല്‍ പിഴവ് സംഭവിച്ചത് റെയില്‍വെയുടെ ഭാഗത്താണെന്നും ശരിയായ ടിക്കറ്റില്‍ റെയില്‍വെ വര്‍ഷം തെറ്റായി രേഖപ്പെടുത്തുകയായിരുന്നെന്നും കോടതി കണ്ടെത്തി. തുടര്‍ന്നാണ് ശുക്ലയ്ക്ക് 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയൊട് കോടതി ഉത്തരവിട്ടത്.
'ഞാന്‍ വിരമിച്ച ഒരു ഹിന്ദി അധ്യാപകനാണ്. കള്ളടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട കാര്യം എനിക്കില്ല. ചെയ്യാത്ത കുറ്റത്തിന് ടിക്കറ്റ് എക്‌സാമിനര്‍ മറ്റു യാത്രക്കാര്‍ക്കു മുന്നിലിട്ട് എന്നെ അപമാനിച്ചു. പിഴയടക്കാന്‍ ആവശ്യപ്പെട്ടു. ട്രെയ്‌നില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. ഭാര്യ മരിച്ച ഒരു സുഹൃത്തിനെ കാണാനുള്ള ഒരു പ്രധാന യാത്രയായിരുന്നു അത്,' ശുക്ല പറയുന്നു.
പ്രൊഫസറെ മാനസികമായി പീഡിപ്പിച്ചതിന് 10,000 രൂപയും അധിക നഷ്ടപരിഹാരമായി 3000 രൂപയും റെയില്‍വെ നല്‍കണമെന്നാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. പ്രായമേറിയ ഒരാളെ യാത്രാ മധ്യേ ഇറക്കി വിട്ടത് അദ്ദേഹത്തിന് വലിയ ശാരീരികവും മാനസികവുമായ പീഡനമായിട്ടുണ്ട്. ടിക്കറ്റില്‍ വര്‍ഷം തെറ്റായി രേഖപ്പെടുത്തിയത് പരിശോധിക്കേണ്ടത് യാത്രക്കാരന്റെ ഉത്തരവാദിത്തമല്ല. അത് റെയില്‍വെയുടെ ചുമതലയാണന്നും നല്‍കുന്ന സേവനത്തില്‍ വീഴ്ചയുണ്ടായെന്നുമാണ് ഇതു കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.