ന്യൂദല്‍ഹി - അപകീര്‍ത്തിക്കേസില്‍ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധി നാളെ സൂറത്ത് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കും. ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ലോകസഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ തിടുക്കത്തില്‍ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ വസതി ഒഴിയാന്‍ രാഹുലിനോട് ആവശ്യപ്പെടുകയും ചെയ്തു.
മോഡിയെന്ന പേര് കള്ളന്മാര്ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന രാഹുലിന്റെ പരാമര്‍ശം മോഡി സമുദായത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി നേതാവ് നല്കിയ കേസിലാണ് സൂറത്ത് സി ജെ എം കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി 30 ദിവസത്തെ സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു. നാളെ സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി അപ്പീല്‍ നല്‍കാനാണ് രാഹുലിന്റെ തീരുമാനം. രാഹുല്‍ അപ്പീല്‍ നല്കാന് തയ്യാറാകാത്തതില്‍ ബി ജെ പി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എത്രയും വേഗം അപ്പീല്‍ നടപടികളിലേക്ക് പോകാന്‍ കോണ്‍ഗ്രസും രാഹുലും തീരുമാനിച്ചത്..