Sorry, you need to enable JavaScript to visit this website.

കോഴി മൃഗമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍

അഹമ്മദാബാദ്- ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരം കോഴിയെ മൃഗമായാണ് കണക്കാക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. പക്ഷികളെ അറുക്കാനായി ഇറച്ചിക്കടകളില്‍ വിതരണം ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസ മഹാസംഘ് എന്നീ സന്നദ്ധ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കശാപ്പുശാലകളില്‍ വെച്ചാണ് കോഴികളെ അറുക്കേണ്ടതെന്നും ഹരജിയില്‍ പറയുന്നു.
നിയമലംഘനം ആരോപിച്ച് സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങള്‍ ഇറച്ചിക്കടകളില്‍ ഈയിടെ പരിശോധന നടത്തുകയും ചെയ്തിരുന്നു. കോഴി വില്‍പനക്കാരുടെ സംഘടന ഇതിനെതിരെ രംഗത്തെത്തുകയും വിഷയത്തില്‍ ഹരജി നല്‍കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ, ജസ്റ്റിസ് നിരള്‍ മേത്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
ഹരജികളില്‍ വിശദീകരണം നല്‍കവേ സര്‍ക്കാര്‍ പ്ലീഡര്‍ മനീഷ ലവ്കുമാറാണ് കോഴികള്‍ മൃഗനിയമ പരിധിയില്‍ വരുന്നതാണെന്ന് വ്യക്തമാക്കിയത്. മത്സ്യങ്ങള്‍ ഇതിന്റെ പരിധിയില്‍ വരില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇതനുസരിച്ച് കോഴിയെ മൃഗമായി കണക്കാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടാല്‍, പിന്നീട് കശാപ്പുശാലകളില്‍ മാത്രമേ കോഴിയെ അറുക്കാനാകൂ. ഇത് കോഴി കര്‍ഷകരെയും കോഴിയിറച്ചി കടകളെയും പ്രതികൂലമായി ബാധിക്കും. കോഴികളെ കശാപ്പുശാലകളില്‍ വെച്ച് അറുക്കുന്നത് പ്രയോഗികമല്ലെന്ന് കോഴിക്കടയുടമകള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. കവിന വാദിച്ചു. കശാപ്പുശാലയില്‍ മറ്റു മൃഗങ്ങളെ അറുക്കുന്നതിന് മുമ്പും ശേഷവും മൃഗഡോക്ടറെ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. കോഴികളുടെ കാര്യത്തില്‍ അതെങ്ങനെ സാധ്യമാകുമെന്നും അവര്‍ ചോദിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News