ന്യൂദല്‍ഹി- ബി.ജെ.പിയുടെ ഗോഷ്മഹല്‍ എം.എല്‍.എ ടി.രാജാ സിംഗ് മഹാരാഷ്ട്രയില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍ ട്വിറ്റര്‍ തടഞ്ഞു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ട്വിറ്റര്‍ നടപടി. ബി.ജ.പെി സസ്‌പെന്‍ഡ് ചെയ്ത എം.എല്‍.എയുടെ വിദ്വേഷ പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദമായിരുന്നു.
വീഡിയോകള്‍ തടയുന്നതായി രാജ്യത്തുടനീളം നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വീഡിയോകളും വാര്‍ത്തകളും പോസ്റ്റ് ചെയ്യുന്ന ട്വിറ്റര്‍ ഹാന്‍ഡിലായ ഹിന്ദുത്വവാച്ചിന് ട്വിറ്ററില്‍ നിന്ന് ഇമെയില്‍ ലഭിച്ചു. ചില ട്വീറ്റുകള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം ലംഘിക്കുന്നതിനാല്‍ തടഞ്ഞിരിക്കുവെന്നാണ് അറിയിപ്പ്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നിയമസഭാംഗം ടി രാജാ സിംഗ് നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ തെളിവുകള്‍ ട്വിറ്ററില്‍നിന്ന് ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അഞ്ച് വീഡിയോകള്‍ തടഞ്ഞുവെച്ചിരിക്കയാണെന്നും ഹിന്ദുത്വവാച്ച് ട്വീറ്റ് ചെയ്തു.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് മൂന്നു ദിവസത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട് ചെയ്ത രാജാ സിംഗിന്റെ വിദ്വേഷ പ്രസംഗങ്ങള്‍ ഹരജിയില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു.
വസ്തുതാ പരിശോധനാ മീഡിയ കമ്പനിയായ ആള്‍ട്ട് ന്യൂസിലെ പത്രപ്രവര്‍ത്തകനും ഗവേഷകനുമായ കലിം അഹമ്മദിനും ട്വിറ്ററില്‍ നിന്ന് ഇതേ അറിയിപ്പ് ലഭിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)