Sorry, you need to enable JavaScript to visit this website.

പിതാവിനേയും മാതൃസഹോദരിയേയും കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം

തൃശൂര്‍- പിതാവിനെയും മാതാവിന്റെ സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപരന്ത്യം ശിക്ഷ. ഇതിനുപുറമെ മൂന്ന്‌കൊല്ലം കഠിന തടവും 1,60,000 രൂപ പിഴയും വിധിച്ചു. തളിക്കുളം എടശ്ശേരി  മമ്മസ്രയില്ലത്ത് വീട്ടില്‍ ഷഫീഖിനെ (32) യാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ ജഡ്ജി പി.എന്‍. വിനോദ് ശിക്ഷിച്ചത്. പിതാവിനെയും മാതാവിന്റെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. മാതാവിനെ വടി കൊണ്ട് അടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു. കേസില്‍ ഐപിസി 302, 326 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ.
2019 ഡിസംബര്‍ 27നായിരുന്നു സംഭവം. ഭാര്യയോടൊത്ത് മാറി താമസിച്ചിരുന്ന പ്രതി സംഭവ ദിവസം പിതാവിന്റെ വീട്ടിലെത്തി സ്വത്ത് തര്‍ക്കം ഉണ്ടാക്കി. തുടര്‍ന്ന്  രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു. ഇത്  തടയാന്‍ ശ്രമിച്ച പിതാവ് ജമാലുദ്ദീനെയും മാതാവ് ഫാത്തിമയെയും  മര്‍ദ്ദിച്ചു. തുടര്‍ന്ന് പിതാവിനെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി തീയിലേക്ക് വലിച്ചിട്ടു. മര്‍ദനമേറ്റ മാതാവ് ബോധരഹിതയായി. നിലവിളി കേട്ട് ഓടി വന്ന് തടഞ്ഞ മാതാവിന്റെ സഹോദരി കദീജയേയും പ്രതി മര്‍ദ്ദിച്ചും കല്ലു കൊണ്ടിടിച്ചും കൊലപ്പെടുത്തി.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പള്ളിയില്‍ നിന്ന് നമസ്‌കാരം കഴിഞ്ഞു വരികയായിരുന്നവര്‍ തടഞ്ഞ് വെച്ച്  പോലീസിലറിയിക്കുകയായിരുന്നു.
പ്രതിക്ക് ജാമ്യം അനുവദിക്കാതെയായിരുന്നു വിചാരണ.  മാനസിക രോഗിയാണെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍  പ്രതി വൈരാഗ്യം മൂലമാണ്  ക്രൂരകൃത്യം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതക്ക് ഉടമയായ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ:  കെ ബി സുനില്‍കുമാര്‍, ലിജി മധു എന്നിവര്‍ ഹാജരായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News