പക്ഷിനിരീക്ഷണത്തിലും അവയുടെ ചിത്രങ്ങൾ പകർത്തുന്നതിലും പ്രത്യേകം താൽപര്യം കാണിക്കുന്ന കലാകാരനാണ് മുനീർ മങ്കട എന്ന ഫോട്ടോഗ്രാഫർ. പ്രൊഫഷണൽ ഫോട്ടോഗ്രഫിയിൽ നിന്നും മാറിനിന്ന് തികച്ചും പ്രകൃതിയിലേക്കും ജീവജാലങ്ങളിലേക്കും ക്യാമറക്കണ്ണ് തിരിച്ച് അവയെ നിരീക്ഷിക്കുന്നതിനും പഠനം നടത്തുന്നതിനും ധാരാളം സമയം കണ്ടെത്തുന്നു എന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. വർണശലഭങ്ങളുടെ ഫോട്ടോയെടുത്ത് തുടങ്ങി പക്ഷി നിരീക്ഷണത്തിലെത്തി നിൽക്കുകയാണ് പരിസ്ഥിതി പ്രവർത്തകനും മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ മുനീർ മങ്കട.
പൂമ്പാറ്റകളുടെ ചിത്രശേഖരത്തിനായി കാടും മലകളും ചുറ്റുന്നതിനിടയിലാണ് പക്ഷികളുടെ ലോകത്തേക്ക് ശ്രദ്ധ തിരിഞ്ഞത്. കോവിഡ് ലോക് ഡൗൺ കാലം മുതൽ പക്ഷി നിരീക്ഷണം ഗൗരവമായെടുത്തു. നാട്ടിലെയും കാട്ടിലെയും കിളികൾ, കടൽപ്പക്ഷികൾ, വയൽക്കുരുവികൾ തുടങ്ങിയ ഇനങ്ങളിലായി നൂറുകണക്കിന് പക്ഷികളെ കണ്ടെത്തി. അതോടെ പക്ഷികളെക്കുറിച്ച് പഠിക്കാനും നിരീക്ഷിക്കാനും കൂടുതൽ സമയം കണ്ടെത്തി.
പശ്ചിമഘട്ട മലനിരകളോട് ചേർന്നു നിൽക്കുന്നതും ഒട്ടേറെ ജൈവ വൈവിധ്യങ്ങളാൽ സമ്പന്നവുമായ മങ്കടക്കടുത്ത ചേരിയം മലയും താഴ്‌വരകളും അതിന് സഹായകമായി.
കുരങ്ങൻചോല, കൂട്ടപ്പാല, മങ്കടയിലെ വയലുകൾ തുടങ്ങി വിവിധയിനം നാട്ടുപക്ഷികളും ദേശാടനക്കിളികളും സൈ്വരവിഹാരം നടത്തുന്ന മങ്കട പരിസരങ്ങളിൽനിന്നു തന്നെ നൂറോളം ഇനങ്ങളിലുള്ള പക്ഷികളെ കണ്ടെത്തി കാമറയിൽ പകർത്തി.അവയുടെ പേരുകളും ജീവിതവും പഠിച്ചു.
വഴി കുലുക്കി, വിവിധയിനം മുനിയകൾ, മീൻ കൊത്തികൾ, ബുൾബുൾ പക്ഷികൾ, മരംകൊത്തികൾ പുള്ള്, ചുട്ടിയാറ്റ, തത്തകൾ,അയോറ, കാട്ടിലക്കിളി, ഇണ കാത്തേവൻ, തീക്കുരുവി , വേലിത്തത്തകൾ
തുടങ്ങിയ നാട്ടു പക്ഷികൾക്കു പുറമെ പ്രദേശത്ത് അതിഥികളായി വന്നെത്താറുള്ള ചേരാ കൊക്കൻ, കഷണ്ടിക്കൊക്ക്, ചെന്തലയൻ അരിവാൾ കൊക്കൻ തുടങ്ങിയ വിവിധയിനം കൊക്കുകളെയും ഇദ്ദേഹം പഠനവിധേയമാക്കി.
ഇത്രയധികം പക്ഷികളാൽ സമ്പന്നമായ മങ്കട ചേരിയം മലയുടെ പരിസരത്ത് പക്ഷികളെക്കുറിച്ച് പഠിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു പക്ഷിസങ്കേതം ഒരുക്കണമെന്നതും മുനീറിന്റെ ആവശ്യമാണ്. ചേരിയം മലയിലെ സർക്കാർ വനഭൂമിയും പുറംപോക്കുകളും ഈ ആവശ്യാർഥം ഉപയോഗപ്പെടുത്താൻ കഴിയുമെന്നും മുനീർ പറയുന്നു.