പ്രധാനമന്ത്രി നിരക്ഷരന്‍ തന്നെ; വിദ്യാഭ്യാസ യോഗ്യത ചോദിച്ചതിന് പിഴയോ-കെജ് രിവാള്‍

ന്യൂദല്‍ഹി- നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനുതന്നെ അപകടമാണെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ് രിവാള്‍ ആവര്‍ത്തിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചതിന് 25,000 രൂപ പിഴ വിധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിയെ അദ്ദേഹം ചോദ്യം ചെയ്തു.   പ്രധാനമന്ത്രിക്ക് എത്രത്തോളം വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലേയെന്ന് കെജ് രിവാള്‍ ചോദിച്ചു. കുറച്ചു മാത്രം വിദ്യാഭ്യാസമുള്ള, നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനുതന്നെ അപകടമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സ്വന്തം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലേ? തന്റെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി കോടതിയില്‍ ശക്തിയുക്തം എതിര്‍ത്തു. എന്തുകൊണ്ടാണത്? അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത ചോദിക്കുന്നവര്‍ക്കെല്ലാം പിഴ വിധിക്കുമോ? ഇവിടെ എന്താണ് സംഭവിക്കുന്നത്? വിദ്യാഭ്യാസം കുറഞ്ഞ, നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിന് വലിയ അപകടമാണ്- കെജ് രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയാണ് ഹരജിക്കാരനായ കെജ് രിവാളിന് ഗുജറാത്ത് ഹൈക്കോടതി പിഴശിക്ഷ വിധിച്ചത്. കെജ്‌രിവാളിനു വിവരങ്ങള്‍ കൈമാറാന്‍ 2016 ല്‍ ഗുജറാത്ത് സര്‍വകലാശാലയോട് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതായിരുന്നു.
മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ഉത്തരവില്‍ വ്യക്തമാക്കി. കേജ് രിവാളിന്റെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്ത ഗുജറാത്ത് സര്‍വകലാശാല വിദ്യാര്‍ഥികളുടെ ബിരുദ വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് പ്രധാനമായും വാദിച്ചത്.  ഇന്ത്യയില്‍ ഇതുവരെ ഭരിച്ചതില്‍ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിയാണ് മോഡിയെന്ന് കെജ് രിവാള്‍ ആരോപിക്കുന്നു. വെറും പ്ലസ് ടുക്കാരനായ മോഡിക്ക് ഭരിക്കാന്‍ അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News