ന്യൂദൽഹി- ലൈംഗീക പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകനിൽനിന്ന് രണ്ടു ലക്ഷം ചോദിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡ സ്വദേശിയായ സോഫിയ എന്ന യുവതിയാണ് അറസ്റ്റിലായത്. നേഹ ഠാക്കൂർ എന്നു പരിചയപ്പെടുത്തിയാണ് സോഫിയ പരാതിക്കാരനെ പരിചയപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായി. ഇതിനിടെ തന്നെ വിവാഹം ചെയ്യണമെന്ന് സോഫിയ യുവാവിനോട് ആവശ്യപ്പെടുകയും അയാൾ സമ്മതിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വ്യാജ ബലാത്സംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടത്. ചതി മനസിലാക്കിയ യുവാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പേരിൽ സമാനമായ കേസുകൾ വേറെയുമുണ്ടെന്ന് പോലീസ് പറഞ്ഞു.