ചെന്നൈ- തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഫോര്‍ട്ട് കോംപ്ലക്‌സില്‍ നിര്‍ബന്ധിച്ച് യുവതിയുടെ ഹിജാബ് ഊരിമാറ്റിയ സംഭവത്തില്‍ ഏഴുപേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.
മനഃപൂര്‍വം അപമാനിച്ചതിനാണ് ഏഴുപേരെയും അറസ്റ്റ് ചെയ്തതെന്ന് വെല്ലൂര്‍ പോലീസ് സൂപ്രണ്ട് എസ്. രാജേഷ് കണ്ണന്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവര്‍ വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കെ.സന്തോഷ് (23), ഇമ്രാന്‍ പാഷ (24), മുഹമ്മദ് ഫൈസല്‍ (21), ഇബ്രാഹിം ബാഷ (24), മുഹമ്മദ് ഫൈസല്‍ (23), സി. പ്രശാന്ത് (23) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ആണ്‍കുട്ടിയെ ചൈല്‍ഡ് കെയര്‍ ഹോമിലേക്ക് മാറ്റി. പിടിയിലായവരില്‍ ഭൂരിഭാഗവും പ്രാദേശിക ഓട്ടോറിക്ഷാ െ്രെഡവര്‍മാരാണെന്ന് പോലീസ് പറഞ്ഞു.
മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് ഹിജാബ് ധരിച്ച യുവതി സുഹൃത്തിനൊപ്പം കോട്ടയിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവര്‍ അവിടെയെത്തി ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു. ഇവരില്‍ ഒരാള്‍ സംഭവം ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്തത് വൈറലായി.
വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ (വിഎഒ) പരാതിയില്‍ വെല്ലൂര്‍ നോര്‍ത്ത് പോലീസാണ് കേസെടുത്തത്. അഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച പോലീസ് വ്യാഴാഴ്ചയാണ് പ്രതികളെ പിടികൂടിയത്. പൊതുസുരക്ഷ അപകടത്തിലാക്കുക, വ്യക്തിസ്വാതന്ത്ര്യത്തിന് ഭീഷണി, രണ്ട് വിഭാഗം ആളുകള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുക, സ്ത്രീകളുടെ മാന്യതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഏഴുപേരെയും അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഈ വീഡിയോ ക്ലിപ്പിംഗ് ഷെയര്‍ ചെയ്യരുതെന്ന് പോലീസ് ജനങ്ങളോട് നിര്‍ദ്ദേശിച്ചു. ലംഘിക്കുന്നവര്‍ക്കെതിരെ തമിഴ്‌നാട് സ്ത്രീ പീഡന നിരോധന നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) നിയമം എന്നിവ പ്രകാരം കുറ്റം ചുമത്തും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് വെല്ലൂര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)