Sorry, you need to enable JavaScript to visit this website.

എന്റെ വീട്ടിൽ പൈസയില്ല, യൂണിഫോമിൽ ചായം തേക്കരുത്; വിദ്യാർഥിയുടെ പേരിൽ വ്യാജ കദന കഥ

മലപ്പുറം- എന്റെ വീട്ടിൽ പൈസ ഇല്ല. എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്. ഒന്നും ചെയ്യരുത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള കുട്ടികളുടെ ആഘോഷത്തിനിടെ യൂണിഫോമിലേക്ക് ചായം തേക്കാനെത്തിയ സഹപാഠിയോടെ വിദ്യാർഥിനി കരഞ്ഞുപറഞ്ഞുവെന്ന് കഴിഞ്ഞ ദിവസം മാതൃഭൂമി ഓൺലൈനിൽവന്ന വാർത്തയുടെ തുടക്കമായിരുന്നു ഇത്. ദയനീയ രംഗം കണ്ട പോലീസ് പെൺകുട്ടിയുടെ അടുത്ത് ഓടിയെത്തുകയും കുട്ടികളെ മാറ്റി നിർത്തി കുട്ടിക്ക് സംരക്ഷണ വലയം ഒരുക്കിയെന്നുമായിരുന്നു വാർത്ത. 
ഏറെ പേർ പങ്കുവെച്ച വാർത്തയായിരുന്നു ഇത്. എന്നാൽ ഇങ്ങിനെയൊരു സംഭവം പോലുമില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ലേഖകൻ സ്വന്തം ഭാവന ചേർത്ത് എഴുതിയുണ്ടാക്കിയ കഥയാണ് ഇതെന്ന് വ്യക്തമാകുകയാണ്. ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് കാളികാവ് പോലീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇല്ലെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും പലരും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നു. അതിനിടെ കുട്ടിയുടെ വിവരം ചോദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും രംഗത്തെത്തി. മാതൃഭൂമി വാർത്തയുടെ അടിയിൽ കമന്റായിട്ടാണ് മന്ത്രി ഇങ്ങിനെ പറഞ്ഞത്. ഈ വാർത്തയിൽ പറയുന്ന കുട്ടിയുടെ വിവരങ്ങൾ നൽകാനാകുമോ, എന്താണ് ചെയ്യാൻ പറ്റുക എന്ന് പരിശോധിക്കാം എന്നായിരുന്നു മന്ത്രിയുടെ കമന്റ്. നിരവധി പേരാണ് ഇതിന് മന്ത്രിക്ക് പിന്തുണയുമായി എത്തിയത്. എന്നാൽ വാർത്തയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് അബ്ബാസ് അബു എന്ന ഫെയ്‌സ്ബുക്ക് എക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റ് വായിക്കാം.

'എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്' കൈ കൂപ്പി കരഞ്ഞ് അപേക്ഷിക്കുന്ന പ്ലസ്ടു വിദ്യാർഥിനി ആയിരുന്നു അത്. ദയനീയരംഗം കണ്ട പോലീസ് രണ്ടാമതൊന്നാലോചിച്ചില്ല, പെൺകുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിർത്തി പെൺകുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കി '
കഴിഞ്ഞ ദിവസം മാത്യഭൂമിയിൽ വന്ന വാർത്തയാണ്..
മലയോരത്തെ പ്രധാനസ്‌കൂളിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു അതിന്റെ ആഘോഷത്തിൽ കുട്ടികൾ പരസ്പരം യൂണിഫോമിൽ ചായം പൂശി എന്നും, ഇതിലൊരു കുട്ടി കരഞ്ഞ് കൊണ്ട് , എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ യൂണിഫോം എന്റെ അനുജത്തിയ്ക്ക് അടുത്ത വർഷം ഉപയോഗിക്കേണ്ടതാണെന്നും നശിപ്പിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചു എന്നും ഇത് കണ്ട പോലീസ് സ്ഥലത്ത് എത്തി രംഗം ശാന്തമാക്കി എന്നുമായിരുന്നു വാർത്ത...
സ്‌കൂളിന്റെ പേരും വാലുമില്ലാത്ത വാർത്ത കണ്ട് സംശയം തോന്നി എങ്കിലും,സുമനസ്സുകളായ ചിലർ, കുട്ടികളെ സഹായിക്കാനായി വാർത്തയിൽ  പറഞ്ഞ കാളികാവ് സ്‌റ്റേഷനിലേയ്ക്ക് ഫോൺ ചെയ്തു....
ഫോൺ എടുത്ത എസ് എച്ച് ഒ യുടെ വാക്കുകൾ ഇങ്ങനെ.....
' അങ്ങനെ ഒരു സംഭവം ഈ സ്‌റ്റേഷൻ അതിർത്തിയിൽ നടന്നിട്ടേ ഇല്ല,ഇത് ആ പത്രക്കാരൻ എഴുതിയ കഥയാണ്.അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ തന്നെ ഇടപെട്ട് ആ കുട്ടികൾക്ക് യൂണിഫോം വാങ്ങി നൽകുമായിരുന്നു.പോലീസ് ഇങ്ങനെ ഒരു വിഷയത്തിൽ ഇടപെട്ടിട്ടുമില്ല,ആ പത്രക്കാരൻ മുമ്പൊരിക്കലും ഇത് പോലെ ഒരു വാർത്ത കൊടുത്തിട്ടുണ്ട്..'
എങ്ങനെയുണ്ട്. ശെരിക്കും ലേഖകൻ എസ് എസ് എൽ സി പരീക്ഷയുടെ അവസാന രംഗം കൊഴിപ്പിക്കാൻ എഴുതിയ ഒരു കഥയാണത്രെ ഇത്....!
വാർത്ത വായിച്ച് സങ്കടപ്പെട്ട മനുഷ്യരെ മാത്രമല്ല, സ്വന്തം സ്ഥാപനത്തെക്കൂടി പറ്റിച്ചിരിക്കുകയാണ് ഈ മാപ്ര..!
ശെരിക്കും ഇത്രയും വാർത്താ ദാരിദ്ര്യമാണ് ഇവന്മാർക്ക് എങ്കിൽ സൂക്ഷിക്കേണ്ടത് ഇവന്റെയൊക്കെ വീട്ടിൽ ഉള്ളവരാണ്. നാളെ വാർത്ത കിട്ടിയില്ലങ്കിൽ, വാർത്തയ്ക്കായി ഇവനൊക്കെ സ്വന്തം വീട്ടിലിരിക്കുന്നവരെ പോലും ഉപയോഗിക്കാൻ മടിക്കില്ല എന്ന് ഒരിക്കൽ കൂടി ഉറപ്പാവുകയാണ്...!
അവന്റെയൊക്കെ കോണോത്തിലെ മാധ്യമ പ്രവർത്തനം...,ത്ഫൂ....
 

Latest News