ന്യൂദല്‍ഹി- ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് ജാഥയില്‍ വിദ്യര്‍ഥിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കേരളത്തിന് നോട്ടീസ് അയക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കുമ്പോഴാണ് തുഷാര്‍ മേത്ത ആവശ്യം ഉന്നയിച്ചത്. സംഭവത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കട്ടെയെന്ന് തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ ഈക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ കോടതി ഹരജികള്‍ അടുത്ത മാസം 28ലേക്ക് മാറ്റുകയായിരുന്നു.
വിദ്വേഷ പ്രസംഗങ്ങളില്‍ കോടതിക്ക് എത്ര പേര്‍ക്കെതിരേ വ്യക്തിപരമായി നടപടി എടുക്കാന്‍ കഴിയുമെന്ന് സുപ്രീം കോടതി ചോദിച്ചു. ഇന്ത്യ പോലുള്ള രാജ്യത്ത് ഒരു പൗരനോ സമുദായത്തിനോ എതിരായി വിദ്വേഷ പ്രസ്താവനകള്‍ നടത്തില്ലെന്ന് ആളുകള്‍ക്ക് പ്രതിജ്ഞ എടുത്തു കൂടേ എന്നും കോടതി ചോദിച്ചു. ടെലിവിഷനിലും മറ്റ് വേദികളിലും ഓരോ ദിവസവും ഇത്തരം സംഘങ്ങള്‍ എത്രമാത്രം വിദ്വേഷ പ്രസ്താവനകളാണ് നടത്തുന്നതെന്നും കോടതി ചോദിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)