റിയാദ് - വിദേശങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംവിധാനം പരിഷ്‌കരിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കി. അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് കുറക്കാനും ഉയന്ന വൈദഗ്ധ്യവും നൈപുണ്യങ്ങളുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ഊന്നല്‍ നല്‍കാനും ശ്രമിച്ചാണ് വിസാ സംവിധാനം പരിഷ്‌കരിക്കുന്നത്. ഉയര്‍ന്ന യോഗ്യത, ഇടത്തരം യോഗ്യത, കുറഞ്ഞ യോഗ്യത എന്നിങ്ങിനെ തൊഴിലാളികളുടെ നൈപുണ്യങ്ങള്‍ തരംതിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം പരിഷ്‌കരിക്കാനുള്ള മൂന്നു മോഡലുകള്‍ അടങ്ങിയ നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. നിര്‍ദിഷ്ട മാതൃകക്കുള്ള ശുപാര്‍ശകള്‍, സമാനമായ സന്ദര്‍ഭങ്ങളിലെ അന്താരാഷ്ട്ര താരതമ്യങ്ങള്‍, നിലവിലെ സാഹചര്യത്തിന്റെ വിശകലനം എന്നിവ പഠനത്തില്‍ ഉള്‍പ്പെടുന്നു.